Home Keralaകൊടുംചൂടില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ചരിത്ര റെക്കോഡ്, ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

കൊടുംചൂടില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ചരിത്ര റെക്കോഡ്, ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്ന് ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി. ഏപ്രില്‍ 18ന് പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 117.16 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ ആവശ്യകത 6033 മെഗാവാട്ടായി ഉയര്‍ന്നതും പുതിയ റെക്കോഡാണ്. ഏപ്രില്‍ 23ന് രാത്രി 10.30ഓടെ ഒരു മിനിറ്റില്‍ 6195 മെഗാവാട്ട് വരെ ആവശ്യകത ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

വൈദ്യുതി ആവശ്യകത പ്രതീക്ഷകള്‍ക്കപ്പുറം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസരണ-വിതരണ ശൃംഖലകള്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നത്. ചിലയിടങ്ങളില്‍ വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നതായും കെഎസ്ഇബി അറിയിച്ചു. ശൃംഖല പുനക്രമീകരണം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.

ഈ സാഹചര്യത്തില്‍ വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍, എസി തുടങ്ങിയ വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം ഈ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി.

എസിയുടെ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ ക്രമീകരിക്കുക, ആവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ വൈദ്യുതി പ്രതിസന്ധി കുറയ്ക്കാനും വൈദ്യുതി ബില്‍ നിയന്ത്രിക്കാനും സാധിക്കുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.

You may also like