ന്യൂഡൽഹി: തൊണ്ടിമുതലായ കൈക്കൂലിപ്പണം എലികൾ നശിപ്പിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തപ്പെട്ട സർക്കാർ ഉദ്യോഗസ്ഥക്കെതിരായ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ബിഹാറിലെ ശിശു വികസന പദ്ധതി ഉദ്യോഗസ്ഥയായ അരുണ കുമാരിക്കാണ് കോടതി ഇടക്കാല ആശ്വാസം അനുവദിച്ചത്. ജാമ്യവും അനുവദിച്ചു.
ജസ്റ്റിസുമാരായ ജെ ബി പർദിവാലയും കെ വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കറൻസി നോട്ടുകൾ എലികൾ തിന്ന് നശിപ്പിച്ചെന്ന വിശദീകരണം അത്ഭുതകരമാണെന്നും അതിന്റെ വിശ്വാസ്യത സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു.
അരുണ കുമാരി പത്തായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ചാണ് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വിചാരണക്കോടതി അവരെ കുറ്റവിമുക്തയാക്കിയിരുന്നുവെങ്കിലും, പട്‌ന ഹൈക്കോടതി വിധി റദ്ദാക്കി തടവുശിക്ഷ വിധിച്ചു. പിടിച്ചെടുത്ത പണം എലികൾ നശിപ്പിച്ചതിനാൽ തെളിവായി ഹാജരാക്കാനായില്ലെന്നും, അതിനാൽ കൈക്കൂലി വാങ്ങിയില്ലെന്ന നിഗമനത്തിലെത്താനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ വിശദമായ വാദം കേൾക്കുന്നതിനായി ഹൈക്കോടതി വിധിയും നടപടികളും സുപ്രീംകോടതി താത്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.

