Home Keralaഅപരന്മാർ കിങ്‌മേക്കർമാർ: മണലൂരിലും ചിറ്റൂരിലും ഫലം മാറ്റിമറിച്ച ‘ഡ്യൂപ്ലിക്കേറ്റ്’ സ്ഥാനാർഥികൾ

അപരന്മാർ കിങ്‌മേക്കർമാർ: മണലൂരിലും ചിറ്റൂരിലും ഫലം മാറ്റിമറിച്ച ‘ഡ്യൂപ്ലിക്കേറ്റ്’ സ്ഥാനാർഥികൾ

by news_desk1
0 comments

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ അപര സ്ഥാനാർഥികൾ ഫലത്തെ നിർണായകമായി ബാധിച്ചതായി വിലയിരുത്തൽ. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണലൂരും ചിറ്റൂരും അപരന്മാർ കിങ്‌മേക്കർമാരായി മാറിയ മണ്ഡലങ്ങളായി മാറി.

മണലൂരിൽ എൽഡിഎഫിന്റെ സി രവീന്ദ്രനാഥ് 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രവീന്ദ്രനാഥ് 65,337 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിന്റെ ടി എന്‍. പ്രതാപന്‍ 65,211 വോട്ടുകൾ നേടി. എന്നാൽ പ്രതാപന്റെ അപരനായ സ്വതന്ത്ര സ്ഥാനാർഥി 184 വോട്ടുകൾ നേടിയതോടെ യുഡിഎഫിന് തിരിച്ചടിയായി.

അതുപോലെ തന്നെ രവീന്ദ്രനാഥിനും അപരനുണ്ടായിരുന്നു. കെ. രവീന്ദ്രനാഥ് എന്ന സ്വതന്ത്ര സ്ഥാനാർഥി 234 വോട്ടുകൾ നേടിയതും മത്സരം കടുപ്പിച്ചു.

ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായ മുരുകദാസിനെ പരാജയപ്പെടുത്തുന്നതിലും അപര സ്ഥാനാർഥിയുടെ പങ്ക് നിർണായകമായി. യുഡിഎഫിന്റെ സുമേഷ് അച്ചുതൻ 6510 വോട്ടിന് വിജയിച്ചപ്പോൾ, അപരനായ പി.എസ്. മുരുകദാസ് 6984 വോട്ടുകൾ നേടി.

ചിറ്റൂരിൽ പേര് മാത്രമല്ല, ചിഹ്നങ്ങളും വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി. വി. മുരുകദാസിന്റെ ചിഹ്നം മോതിരമായിരുന്നപ്പോൾ, അപരനായ പി.എസ്. മുരുകദാസിന്റെ ചിഹ്നം മാലയായിരുന്നു. ഇവിഎമ്മിൽ ഇവ തമ്മിലുള്ള സാമ്യം വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു.

മൊത്തത്തിൽ, അപര സ്ഥാനാർഥികളുടെ സാന്നിധ്യം ചില മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ഫലത്തെ നിർണായകമായി സ്വാധീനിച്ചതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

You may also like