കേരള രാഷ്ട്രീയത്തിലെ നിർണ്ണായക ഘട്ടങ്ങളിലൊന്നാണ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിറ്റാണ്ടുകൾക്കിടെ ആദ്യമായി തുടർഭരണത്തിന്റെ പ്രതീക്ഷകൾ തകർന്നുവീഴുമ്പോൾ, അത് ഒരു സാധാരണ ഭരണമാറ്റമെന്നതിലുപരി ശക്തമായ ജനവിധിയുടെ സന്ദേശമായാണ് വായിക്കേണ്ടത്. അധികാരത്തിൽ തുടരണമോ മാറ്റണമോ എന്ന് തീരുമാനിക്കുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനാവകാശം ജനങ്ങൾ ഉറച്ചും വ്യക്തമായും ഉപയോഗിച്ചിരിക്കുന്നു. ഈ പരാജയം കേവലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം മാത്രമല്ല. വിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ആഴത്തിലുള്ള പ്രതികരണമാണ് ഇത്.
പ്രതിസന്ധികളിൽ കരുത്തായിരുന്ന നേതൃത്വത്തോടൊപ്പം ഒരിക്കൽ നിന്ന ജനങ്ങൾ, ഇത്തവണ അതേ നേതൃത്വത്തോട് അകലം പാലിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുള്ള ഏറ്റവും വലിയ പരീക്ഷണം അധികാരത്തിലാണ്. ആ പരീക്ഷണത്തിൽ വിജയിക്കണമെങ്കിൽ പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ജീവിച്ചു നിൽക്കണം. എന്നാൽ രണ്ടാം കാലഘട്ടത്തിൽ ഇടതുപക്ഷം നേരിട്ട വലിയ വെല്ലുവിളി ഇതായിരുന്നു- ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന ഭരണശൈലി. വ്യക്തിപ്രഭാവം കേന്ദ്രീകരിച്ച പ്രചാരണവും, പാർട്ടിയുടെ സമുഹാത്മക സ്വഭാവം ക്ഷയിച്ചതും അടിത്തറ ഇളക്കിയ ഘടകങ്ങളായി.
‘പാർട്ടി മുകളിൽ, വ്യക്തി താഴെ’ എന്ന കമ്മ്യൂണിസ്റ്റ് ആത്മാവിൽ നിന്ന് ‘വ്യക്തികേന്ദ്രിത രാഷ്ട്രീയം’ എന്ന വഴിയിലേക്ക് നീങ്ങിയ മാറ്റം ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ഉപതിരഞ്ഞെടുപ്പുകളും ലോക്സഭയും തദ്ദേശ തിരഞ്ഞെടുപ്പുകളും മുന്നറിയിപ്പുകൾ നൽകിയിട്ടും, അവയെ ഗൗരവമായി എടുത്തില്ലെന്നതാണ് വലിയ വീഴ്ച. ജനങ്ങൾ പറഞ്ഞതും സൂചന നൽകിയതും കേൾക്കാൻ നേതൃത്വം തയ്യാറാകാതിരുന്നപ്പോൾ, അവസാന വാക്ക് ബാലറ്റ് ബോക്സിൽ നിന്നാണ് വന്നത്. ഇടതുപക്ഷം ചരിത്രത്തിൽ വലിയ മുന്നേറ്റങ്ങൾ കാഴ്ചവെച്ചത് ജനങ്ങളോടൊപ്പം നിന്നപ്പോഴാണ്. വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തലുകൾക്ക് തയ്യാറായപ്പോൾ മാത്രമാണ് അതിന്റെ ശക്തി വർധിച്ചത്. അതേ വഴിയിലേക്ക് മടങ്ങുകയാണ് ഇപ്പോഴത്തെ അനിവാര്യത. പരാജയം മറികടക്കാൻ ആദ്യം വേണ്ടത് സത്യസന്ധമായ ആത്മപരിശോധനയാണ്; ആരോപണങ്ങളെ തള്ളിക്കളയൽ അല്ല, അവയുടെ ഉള്ളടക്കം മനസ്സിലാക്കലാണ്. പ്രതിപക്ഷകാലം ഒരു ശിക്ഷയല്ല; അത് ഒരു അവസരമാണ്.
ജനങ്ങളുമായി വീണ്ടും ബന്ധം പുനർസ്ഥാപിക്കാൻ, വിശ്വാസ്യത വീണ്ടെടുക്കാൻ, നയപരമായ വ്യക്തത കൈവരിക്കാൻ ഇതാണ് സമയമെന്ന് തിരിച്ചറിയണം. സമരങ്ങളും പ്രതിഷേധങ്ങളും ജനജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തിലല്ല, അവരുടെ യാഥാർത്ഥ്യ പ്രശ്നങ്ങൾക്ക് ശബ്ദമാകുന്ന തരത്തിലായിരിക്കണം. പ്രചാരണ യന്ത്രങ്ങൾ, പി.ആർ തന്ത്രങ്ങൾ, വാഴ്ത്തുപാട്ടുകൾ-ഇവയെല്ലാം താൽക്കാലിക പ്രതിഫലങ്ങൾ മാത്രമാണ് നൽകുന്നത്. ദീർഘകാലം നിലനിൽക്കുന്നത് ജനവിശ്വാസമാണ്. അത് ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരികെ നേടാൻ കഠിനാധ്വാനവും വിനയവും ആവശ്യമാണ്. ജനവിധി ഒരു മുന്നറിയിപ്പാണ്; അതേസമയം ഒരു അവസരവും. ആ സന്ദേശം വായിച്ച് തിരുത്താൻ ഇടതുപക്ഷം തയ്യാറായാൽ, അത് ഒരു പുതിയ തുടക്കത്തിന്റെ അടയാളമാകും. ഇല്ലെങ്കിൽ, ഈ തോൽവി ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാത്രമല്ല, മുന്നറിയിപ്പായി കൂടി രേഖപ്പെടും.

