Home Editorialശ്വാസംമുട്ടുന്ന വിലക്കയറ്റം: നിശ്ശബ്ദരാകാനാവില്ല ജനങ്ങൾക്ക്

ശ്വാസംമുട്ടുന്ന വിലക്കയറ്റം: നിശ്ശബ്ദരാകാനാവില്ല ജനങ്ങൾക്ക്

by news_desk1
0 comments

ഇറാൻ–അമേരിക്ക സംഘർഷം ആഗോള തലത്തിൽ സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്ന ഈ ഘട്ടത്തിൽ, അതിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. പാചകവാതക ലഭ്യതയിൽ നിയന്ത്രണവും വിലയിൽ കുത്തനെ വർധനയും ഏർപ്പെടുത്തിയ സാഹചര്യത്തിൽ രാജ്യത്തെ ചെറുകിട വ്യാപാരികളും ഹോട്ടൽ മേഖലയുമാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിരിക്കുന്നത്. ഒരു വ്യാവസായിക ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് ആയിരം രൂപയോളം വർധിപ്പിച്ച തീരുമാനം സാമ്പത്തികമായും സാമൂഹികമായും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണ്.
പ്രശ്നത്തിന്റെ ഗുരുതരം ഇവിടെ വിലവർധനയിൽ മാത്രം ഒതുങ്ങുന്നില്ല; മുന്നൊരുക്കങ്ങളില്ലാത്ത ഭരണ സമീപനമാണ് ഏറ്റവും വലിയ ആശങ്ക. അന്താരാഷ്ട്ര സാഹചര്യങ്ങൾ വഷളാകുന്നുവെന്ന് വ്യക്തമായിരുന്നിട്ടും, അതിന് അനുയോജ്യമായ നയപരമായ തയ്യാറെടുപ്പുകൾ നടത്തുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാകുന്നു. പ്രതിസന്ധി വാതിൽ തട്ടിയശേഷമാണ് നടപടികൾ സ്വീകരിക്കുന്നത് എന്നതും, അതും ജനങ്ങളെ ബാധിക്കുന്ന രീതിയിലായതും, ഭരണ ഉത്തരവാദിത്വത്തെ ചോദ്യം ചെയ്യുന്നതാണ്.

ഇതിന്റെ ആഘാതം നേരിടേണ്ടി വരുന്നത് ചെറിയ ഹോട്ടലുടമകളും വഴിയോര ഭക്ഷണശാലകളും ഉൾപ്പെടുന്ന ആയിരക്കണക്കിന് ചെറുകിട സംരംഭകരാണ്. ഇതിനകം തന്നെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വിപണി അനിശ്ചിതത്വവും മൂലം തളർന്നിരിക്കുന്ന ഈ മേഖലയ്ക്ക് പുതിയ വിലവർധന ‘മരണാഘാതം’ തന്നെയാണ്. ലാഭം പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ വ്യാപാരം മുന്നോട്ട് കൊണ്ടുപോകുക അസാധ്യമാകുമ്പോൾ, അവരുടെ പ്രതിഷേധം അനിവാര്യമായും ന്യായവുമാണ്. വാണിജ്യ പാചകവാതകത്തിന് സബ്സിഡി അനുവദിക്കുക, ആവശ്യത്തിന് ഇന്ധനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ഹോട്ടലുകൾ അടച്ചുകൊണ്ടുള്ള സമരം നടക്കുന്നത് വെറും പ്രതിഷേധമല്ല; അത് ജീവിതാവകാശത്തിനായുള്ള നിലവിളിയാണ്. ഈ സമരം ഒരു മേഖലയുടെ മാത്രം ആവശ്യമല്ല, മറിച്ച് സമൂഹത്തിന്റെ വലിയൊരു വിഭാഗത്തിന്റെ ദുരിതത്തിന്റെ പ്രതിഫലനമാണ്. ഭരണകൂടത്തിന്റെ കടമ പ്രതിസന്ധികളെ ജനങ്ങളുമായി പങ്കുവെച്ച് പരിഹാരം കണ്ടെത്തുക എന്നതാണ്. എന്നാൽ ഇവിടെ കാണുന്നത് ഏകപക്ഷീയമായ തീരുമാനങ്ങളും അതിന്റെ ഭാരം ജനങ്ങളിലേക്ക് തള്ളിയിടുന്ന സമീപനവുമാണ്. ബന്ധപ്പെട്ട മേഖലകളുമായി ആലോചന നടത്താതെ, മുന്നറിയിപ്പില്ലാതെ വില വർധിപ്പിക്കുന്ന നടപടി ജനാധിപത്യത്തിന്റെ ആത്മാവിനോട് പൊരുത്തപ്പെടുന്നതല്ല.

ഇന്ധനവില കൂടി ഉയരാനിരിക്കുന്ന സാഹചര്യത്തിൽ വിപണിയിലെ വിലക്കയറ്റം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഭക്ഷ്യവസ്തുക്കളുടെ വില മുതൽ ഗതാഗത ചെലവുകൾ വരെ എല്ലാ മേഖലകളിലും ഇതിന്റെ പ്രതികൂലഫലങ്ങൾ പ്രകടമാകും. അതായത്, ഇന്നത്തെ തീരുമാനം നാളെയുടെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിതെളിയിക്കുന്നതാണ്.
ജനങ്ങൾ ചോദ്യം ചെയ്യുമ്പോൾ മറുപടികളിൽ ഉത്തരവാദിത്വം കാണിക്കാതെ പരിഹാസപരമായ സമീപനം സ്വീകരിക്കുന്നത് ഭരണകൂടത്തിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുന്നു. ജനങ്ങളുടെ വേദന മനസ്സിലാക്കാതെ അധികാരം നിലനിൽക്കില്ലെന്ന സത്യത്തെ ഭരണകൂടം തിരിച്ചറിയേണ്ട സമയമാണിത്. ഒരു അനീതി നടക്കുമ്പോൾ അത് ചോദ്യം ചെയ്യപ്പെടണം. അല്ലെങ്കിൽ അത് പതിവാകുകയും പിന്നീട് സമൂഹത്തിന്റെ അടിത്തറ തന്നെ തകർക്കുകയും ചെയ്യും. ഇന്ന് ഗ്യാസ് വിലയാണ്; നാളെ അത് മറ്റേതെങ്കിലും അടിസ്ഥാന ആവശ്യങ്ങളിലേക്കും വ്യാപിക്കാം. അതുകൊണ്ട് തന്നെ, ഈ പ്രതിഷേധം ഒരു തുടക്കമാകണം-നീതിയുള്ള നയങ്ങൾക്കായുള്ള ശക്തമായ ശബ്ദമായി മാറണം.
സമയോചിതമായ ഇടപെടലുകൾ, സബ്സിഡി നയങ്ങൾ, വിപണി നിയന്ത്രണങ്ങൾ എന്നിവയിലൂടെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. ആ ഉത്തരവാദിത്വം മറന്നാൽ ജനങ്ങൾ തന്നെ പ്രതികരിക്കും; അതിന്റെ ആദ്യ ഘട്ടമാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്ന സമരം.

You may also like