Kകൊച്ചി: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരുടെ അഭിപ്രായം നേരിട്ട് തേടും. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായും ഘടകകക്ഷി പ്രതിനിധികളുമായും ഇന്ന് വിശദമായ ചർച്ചകൾ നടക്കും.
ശേഖരിക്കുന്ന അഭിപ്രായങ്ങൾ ഇന്നുതന്നെ ഹൈക്കമാൻഡിന് കൈമാറുമെന്നാണ് വിവരം. തുടർന്ന് കേരളത്തിലെ പ്രധാന നേതാക്കളെ നാളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്.
45 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചെന്ന ആത്മവിശ്വാസത്തിലാണ് കെ സി വേണുഗോപാല്‍ പക്ഷം. അതേസമയം, 25 എംഎൽഎമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അവകാശപ്പെടുന്നത്. കൂടുതൽ എംഎൽഎമാരുടെ പിന്തുണ നേടാനുള്ള നീക്കങ്ങൾ മൂന്ന് വിഭാഗങ്ങളും ശക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ അനുകൂലിച്ചുള്ള ഫ്ളക്സ് പോരും തുടരുകയാണ്. ഡൽഹിയിലെ കേരള ഹൗസിന് മുന്നിൽ വി ഡി സതീശനെ പിന്തുണച്ച് “പട നയിച്ചവൻ നാട് നയിക്കട്ടെ” എന്ന വാചകത്തോടെ ഫ്ളക്സ് ബോർഡുകൾ ഉയർന്നു. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ സി വേണുഗോപാലിനെ അനുകൂലിച്ച് “വി വാണ്ട് കെ സി” എന്ന മുദ്രാവാക്യമുള്ള ബോർഡുകളും പ്രത്യക്ഷപ്പെട്ടു.
ഇതിനിടെ കോട്ടയം പമ്പാവാലിയിൽ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

