Home International‘ലക്ഷ്യങ്ങൾ പൂർത്തിയായി, ഓപ്പറേഷൻ എപ്പിക് ഫ്യൂരി അവസാനിപ്പിക്കുന്നു’; പ്രഖ്യാപനവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

‘ലക്ഷ്യങ്ങൾ പൂർത്തിയായി, ഓപ്പറേഷൻ എപ്പിക് ഫ്യൂരി അവസാനിപ്പിക്കുന്നു’; പ്രഖ്യാപനവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

by news_desk
0 comments

വാഷിങ്ടൺ: ഇറാനെതിരെ അമേരിക്ക നടത്തിവരുന്ന സൈനിക നടപടിയായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂരി’ അവസാനിപ്പിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. യുദ്ധത്തിൽ അമേരിക്ക മുൻകൂട്ടി നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങളെല്ലാം പൂർത്തീകരിച്ച സാഹചര്യത്തിലാണ് സംഘർഷം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിന്റെ പാതയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും എന്നാൽ നേരത്തെ പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച ഒത്തുതീർപ്പ് നിർദ്ദേശങ്ങളോട് ഇറാൻ സഹകരിച്ചില്ലെന്നും റൂബിയോ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇസ്രയേലുമായി ചേർന്ന് അമേരിക്ക ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചത്. ഇറാന്റെ മിസൈൽ ശേഷിയെയും ആണവ നിലയങ്ങളെയും തകർക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. രണ്ട് മാസത്തോളം നീണ്ടുനിന്ന ഈ സൈനിക നടപടി പശ്ചിമേഷ്യയെയും ഗൾഫ് മേഖലയെയും കടുത്ത സാമ്പത്തിക-സുരക്ഷാ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ ആഗോള വിപണിയെയും ബാധിച്ചിരുന്നു.

ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്നതായിരുന്നു അമേരിക്കയുടെ ഗൂഢലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. ആക്രമണത്തിനിടെ ഇറാന്റെ പരമോന്നത നേതാവിനെ അമേരിക്ക വകവരുത്തിയെങ്കിലും, മകൻ മൊജ്തബ ഖമനയിയെ പുതിയ നേതാവായി പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ ശക്തമായ പ്രതിരോധമാണ് ഉയർത്തിയത്. നിലവിൽ യുദ്ധം തുടരാൻ താല്പര്യമില്ലെന്നും സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകാനാണ് യുഎസ് തീരുമാനമെന്നും സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ഇതോടെ മാസങ്ങളായി നിലനിന്നിരുന്ന യുദ്ധഭീതിക്ക് ഭാഗികമായ ശമനമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.

You may also like