കോട്ടയം: സിപിഐഎം നേതൃത്വത്തെയും എല്‍ഡിഎഫ് പ്രവര്‍ത്തന രീതികളെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം സ്റ്റീയറിംഗ് കമ്മിറ്റി യോഗം. തിരഞ്ഞെടുപ്പില്‍ സിപിഐഎം അണികള്‍ വ്യാപകമായി ക്രോസ് വോട്ടിംഗ് നടത്തിയെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
സാധാരണ ജനങ്ങളുടെ മനോഭാവവും രാഷ്ട്രീയ പള്‍സും തിരിച്ചറിയുന്നതില്‍ എല്‍ഡിഎഫ് നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയില്‍ ശക്തമായി ഉയര്‍ന്നു. ജനങ്ങളില്‍ നിന്ന് അകന്ന സമീപനമാണ് മുന്നണിക്ക് തിരിച്ചടിയായതെന്നും യോഗത്തില്‍ വിമര്‍ശനം ഉണ്ടായി.
മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയാണ് പ്രധാന കാരണമെന്നും ഇതേ നേതൃത്വത്തില്‍ മുന്നോട്ടുപോയാല്‍ ഭാവിയില്‍ കൂടുതല്‍ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന ആശങ്കയും ചില നേതാക്കള്‍ പങ്കുവച്ചു.
സംസ്ഥാനത്ത് ഇടതുമുന്നണി ബംഗാളിലെ ഇടതുപക്ഷത്തിന്റെ അവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പും യോഗത്തില്‍ ഉയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ പ്രതിപക്ഷ നേതാവിനെ കൊണ്ടുവരണമെന്ന സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് ഗുണകരമാകുമെന്ന അഭിപ്രായവും ചില അംഗങ്ങള്‍ രേഖപ്പെടുത്തി.

