മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട് നടന്ന അടിയന്തര നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഡൽഹിയിൽ നിന്ന് പ്രഖ്യാപനം വന്നാലുടൻ തുടർനടപടികൾ സ്വീകരിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ യോഗം ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് ഭരണസ്തംഭനമുണ്ടാക്കുമെന്ന വാദങ്ങളെ കുഞ്ഞാലിക്കുട്ടി തള്ളി. ഒരു സാധാരണ ജനാധിപത്യ പ്രക്രിയയ്ക്ക് വേണ്ട സമയം മാത്രമേ എടുത്തിട്ടുള്ളൂവെന്നും ഭരണസ്തംഭനം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആണ് ഭരിക്കാൻ പോകുന്നതെന്ന് ഉദ്യോഗസ്ഥർക്ക് കൃത്യമായ ബോധ്യമുണ്ടെന്നും ഉത്തരവ് വാങ്ങാൻ ആരും മറ്റെവിടെയും പോകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന മുൻനിലപാടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ലീഗ് നേതൃയോഗം ഏകകണ്ഠമായി തീരുമാനിച്ചു. പൊതുവികാരം സതീശന് അനുകൂലമാണെന്നാണ് ലീഗിന്റെ വിലയിരുത്തൽ. തീരുമാനം നീണ്ടുപോകുന്നതിൽ യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരും നേതാക്കളും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഖ്യാപനം ഇനിയും വൈകിയാൽ അത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഹൈക്കമാൻഡ് തീരുമാനം അറിഞ്ഞാലുടൻ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

