ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് അന്തിമ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച വൈകിട്ട് 5.30-ന് നടക്കും. ഹൈക്കമാൻഡ് തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി വൈകിട്ട് 6.55-ന് തിരുവനന്തപുരത്തെത്തും.
കഴിഞ്ഞ ദിവസങ്ങളിൽ മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസ്സൻ എന്നിവരെയും വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് ചർച്ചകൾ നടത്തിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.
അതേസമയം, ഡൽഹിയിൽ നിന്നുള്ള പ്രഖ്യാപനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനമായതിനാൽ ആവശ്യമായ സമയം എടുക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആണ് ഭരിക്കാൻ പോകുന്നതെന്ന് ഉദ്യോഗസ്ഥർക്ക് കൃത്യമായ ബോധ്യമുണ്ടെന്നും ഉത്തരവുകൾക്കായി മറ്റൊരിടത്തും പോകേണ്ട സാഹചര്യം നിലവിലില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഹൈക്കമാൻഡ് പ്രതിനിധി എത്തുന്നതോടെ ഇന്ന് രാത്രിയോടെ തന്നെ കേരളത്തിന്റെ പുതിയ നായകനെക്കുറിച്ചുള്ള ഔദ്യോഗിക വിവരം പുറത്തുവരും.

