Home Nationalഇമാമുമാർക്കും പൂജാരിമാർക്കും സ്റ്റൈപ്പൻഡ് നിർത്തി; വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് മുൻഗണന നൽകി ബംഗാൾ സർക്കാർ

ഇമാമുമാർക്കും പൂജാരിമാർക്കും സ്റ്റൈപ്പൻഡ് നിർത്തി; വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് മുൻഗണന നൽകി ബംഗാൾ സർക്കാർ

by news_desk1
0 comments

കൊൽക്കത്ത: ഇമാമുമാർക്കും പൂജാരിമാർക്കും നൽകിവന്നിരുന്ന മാസാന്ത്യ സ്റ്റൈപ്പൻഡ് പദ്ധതി അവസാനിപ്പിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചു. മതാധിഷ്ഠിത സഹായ പദ്ധതികളിൽ നിന്ന് പിന്മാറി പൊതുപണം വിദ്യാഭ്യാസത്തിനും സാമൂഹ്യക്ഷേമ പദ്ധതികൾക്കുമായി വിനിയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം കൈകൊണ്ടത്. മതഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും മെറിറ്റ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ നൽകുന്നതിനായി നിലവിലെ ഫണ്ടുകൾ വിനിയോഗിക്കുമെന്ന് സർക്കാർ അറിയിച്ചു.

ഇമാമുമാർക്ക് പ്രതിമാസം 3,000 രൂപയും പൂജാരിമാർക്ക് 2,000 രൂപയും ലഭിച്ചിരുന്ന പദ്ധതികളാണ് അവസാനിപ്പിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്താണ് ഈ പദ്ധതികൾ നടപ്പിലാക്കിയത്. 2012-ൽ ഇമാമുമാർക്കുള്ള അലവൻസ് ആരംഭിച്ചപ്പോൾ, 2020-ൽ കോവിഡ് കാലത്താണ് പൂജാരിമാർക്കുള്ള സാമ്പത്തിക സഹായവും നിലവിൽ വന്നത്.

മദ്രസ വകുപ്പിന്റെയും വിവര-സാംസ്കാരിക വകുപ്പിന്റെയും കീഴിൽ പ്രവർത്തിച്ചിരുന്ന മതപരമായ സഹായ പദ്ധതികൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് തീരുമാനം. നിലവിലെ മാസം അവസാനിക്കുന്നതോടെ പദ്ധതികൾ ഔദ്യോഗികമായി അവസാനിപ്പിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

അതേസമയം സ്ത്രീകൾക്കായി പുതിയ ക്ഷേമപദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ജൂൺ ഒന്നുമുതൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നൽകുന്ന ‘അന്നപൂർണ യോജന’ പദ്ധതി നടപ്പിലാക്കും. നിലവിലുള്ള ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കളെ സ്വമേധയാ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് ജൂൺ ഒന്നുമുതൽ സൗജന്യ ബസ് യാത്രയും അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ 2010 മുതൽ 2024 വരെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ പുതിയ സമുദായങ്ങളുടെ പട്ടിക പുനഃപരിശോധിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

You may also like