Home Nationalഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് ഇനി അധിക ചെലവ്; ഇന്ധനവില വർധന തിരിച്ചടിയാകുന്നു

ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് ഇനി അധിക ചെലവ്; ഇന്ധനവില വർധന തിരിച്ചടിയാകുന്നു

by news_desk1
0 comments

ന്യൂഡൽഹി: ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് വരും ദിവസങ്ങളിൽ അധിക ചെലവ് നേരിടേണ്ടി വരാനിടയുണ്ട്. അസംസ്‌കൃത എണ്ണവില വർധനയും ഇന്ധനച്ചെലവിലെ കുതിപ്പും കാരണം സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത ശക്തമായി.

ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള എണ്ണ പ്രതിസന്ധിയാണ് പുതിയ ആശങ്കയ്ക്ക് കാരണം. പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ധനവില ഉയർന്നതോടെ ഫുഡ് ഡെലിവറി കമ്പനികളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ധനവിലയിൽ അടുത്തിടെ ലിറ്ററിന് ഏകദേശം നാല് രൂപയുടെ വർധനവുണ്ടായി. ഇതോടെ ഓരോ ഓർഡറിനും അധിക ബാധ്യത വരുമെന്നാണ് കണക്ക്. നിലവിൽ ഒരു ഡെലിവറിക്ക് വരുന്ന ചെലവിന്റെ ഏകദേശം 20 ശതമാനവും ഇന്ധനത്തിനായാണ് ചെലവാകുന്നത്.

ഫുഡ് ഡെലിവറി ഓർഡറുകൾക്ക് ശരാശരി 55 മുതൽ 60 രൂപവരെയും ക്വിക്ക് കൊമേഴ്സ് സേവനങ്ങൾക്ക് 35 മുതൽ 50 രൂപവരെയും കമ്പനികൾ ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ധനച്ചെലവ് വീണ്ടും ഉയർന്നാൽ ഈ അധികഭാരം ഉപഭോക്താക്കൾക്ക് മേൽ ചുമത്താനാണ് സാധ്യത.

അതേസമയം ഇന്ധനവില വർധന ഡെലിവറി തൊഴിലാളികളെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. കിലോമീറ്ററിന് ലഭിക്കുന്ന പ്രതിഫലം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ധനച്ചെലവും വാഹന അറ്റകുറ്റപ്പണികളും കുത്തനെ ഉയരുമ്പോൾ വരുമാനം അതനുസരിച്ച് വർധിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

രാജ്യത്ത് ദിനംപ്രതി ബൈക്കും സ്കൂട്ടറും ആശ്രയിച്ച് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികളെ ഈ സാഹചര്യം ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.

You may also like