Home Keralaസഹകരണം ആവശ്യമായിടത്ത് പിന്തുണ; ബിജെപി വേറിട്ട ശബ്ദമായി തുടരും: വി മുരളീധരൻ

സഹകരണം ആവശ്യമായിടത്ത് പിന്തുണ; ബിജെപി വേറിട്ട ശബ്ദമായി തുടരും: വി മുരളീധരൻ

by news_desk1
0 comments

തിരുവനന്തപുരം: വികസന വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് പ്രവർത്തിക്കണമെന്ന് കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ. ജനക്ഷേമ പദ്ധതികൾ നടപ്പാക്കി പുതിയ സർക്കാർ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. സഭയ്ക്കകത്തും പുറത്തും ‘സബ് കാ സാത്, സബ് കാ വികാസ്’ എന്ന സമീപനമാണ് ബിജെപി പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞു.

കേരളവും വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കേണ്ട സമയമാണെന്ന് ചൂണ്ടിക്കാട്ടിയ വി മുരളീധരൻ, ബിജെപി അംഗങ്ങൾ സഭയിൽ സ്വതന്ത്രവും വ്യക്തവുമായ നിലപാടുകളുമായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വികസന പദ്ധതികൾക്ക് പിന്തുണ നൽകുമെന്നും, ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടായാൽ ശക്തമായ എതിർപ്പ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സർക്കാർ മുൻകാല ഭരണത്തിലെ പോരായ്മകൾ പരിഹരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. സഹകരിക്കേണ്ട വിഷയങ്ങളിൽ സഹകരിക്കുമെന്നും പ്രതികരിക്കേണ്ടിടത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ രൂപീകരണത്തിന്റെയും വകുപ്പ് വിഭജനത്തിന്റെയും പശ്ചാത്തലത്തിൽ മുന്നണിക്കുള്ളിലെ നീക്കങ്ങൾ ആശങ്കയുണ്ടാക്കുന്നതായും വി മുരളീധരൻ അഭിപ്രായപ്പെട്ടു. വകുപ്പ് വിഭജനത്തിൽ വൈകിയതും വിവിധ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതായും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ സമുദായ പ്രാതിനിധ്യം, പ്രധാന വകുപ്പുകളുടെ വിഭജനം, ഭരണനിലപാടുകൾ എന്നിവയും അദ്ദേഹം വിമർശന വിധേയമാക്കി. വികസനവും ഭരണപരമായ തീരുമാനങ്ങളും സമതുലിതമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം സ്വാഗതം ചെയ്യുന്നതായും സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്ദേമാതരം വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിലും സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

You may also like