തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പര്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ തീരുമാനം. പലരും ഒഴിവാക്കിയിരുന്ന 13-ാം നമ്പര്‍ കാര്‍ തന്നെയാണ് മന്ത്രി ആവശ്യപ്പെട്ടത്. അശുഭ നമ്പര്‍ എന്ന പൊതുവിശ്വാസം കാരണം ഈ നമ്പര്‍ ആരും ഏറ്റെടുക്കാതിരുന്ന സാഹചര്യത്തിലാണ് ഷാജിയുടെ തീരുമാനം ശ്രദ്ധ നേടുന്നത്.
വി.ഡി. സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരില്‍ ആരും 13-ാം നമ്പര്‍ വാഹനം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ആ വാഹനം തന്നെ വേണമെന്ന നിലപാടാണ് കെ.എം. ഷാജി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിമാര്‍ക്കുള്ള വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലുള്ള രീതിപ്രകാരം മുന്‍ സര്‍ക്കാര്‍ ഉപയോഗിച്ച വാഹനങ്ങള്‍ പുതുക്കി നല്‍കുകയും മന്ത്രിമാരുടെ അഭിരുചിക്കനുസരിച്ച് നമ്പര്‍ അനുവദിക്കുകയും ചെയ്യാറുണ്ട്.
കഴിഞ്ഞ സര്‍ക്കാരില്‍ കൃഷിമന്ത്രി പി. പ്രസാദാണ് 13-ാം നമ്പര്‍ വാഹനം ഉപയോഗിച്ചിരുന്നത്. അതിന് മുമ്പ് ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രി തോമസ് ഐസക്കും ഈ നമ്പര്‍ തെരഞ്ഞെടുത്തിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ 13-ാം നമ്പര്‍ ആരും ഉപയോഗിച്ചിരുന്നില്ല. വി.എസ്. സര്‍ക്കാരില്‍ മന്ത്രി എം.എ. ബേബിയാണ് ഈ നമ്പര്‍ ആവശ്യപ്പെട്ട് വാങ്ങിയത്.
ഇതിനിടെ മറ്റ് മന്ത്രിമാരും തങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്പറുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷിബു ബേബി ജോണ്‍ 71-ാം നമ്പറും, ഒ. ജനീഷ് 10-ാം നമ്പറും, രമേശ് ചെന്നിത്തല 21-ാം നമ്പറുമാണ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
പൊതുവിശ്വാസങ്ങളെ മറികടന്ന് 13-ാം നമ്പര്‍ തെരഞ്ഞെടുത്ത കെ.എം. ഷാജിയുടെ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിലും കൗതുക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

