Home Keralaലൈഫ് പദ്ധതി പുനഃസംഘടനയ്ക്ക് നീക്കം; ഭവന നിര്‍മ്മാണ അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ ആലോചന

ലൈഫ് പദ്ധതി പുനഃസംഘടനയ്ക്ക് നീക്കം; ഭവന നിര്‍മ്മാണ അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ ആലോചന

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് പദ്ധതി പുനഃസംഘടിപ്പിക്കാനുള്ള നീക്കവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള അധികാരം വീണ്ടും പഞ്ചായത്തുകള്‍ക്ക് കൈമാറുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗ്രാമസഭകള്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതികള്‍ നടപ്പാക്കുന്ന രീതിയിലേക്കാണ് പുതിയ മാറ്റം ലക്ഷ്യമിടുന്നത്.

നിലവിലെ മാനദണ്ഡങ്ങള്‍ ആളുകള്‍ക്ക് വീട് ലഭിക്കാതിരിക്കാനുള്ള രീതിയിലാണെന്ന വിമര്‍ശനമാണ് തദ്ദേശ വകുപ്പിനുള്ളില്‍ ഉയരുന്നത്. അതിനാല്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കാനും അര്‍ഹരായവര്‍ക്ക് വേഗത്തില്‍ വീട് ലഭ്യമാക്കാനും സംവിധാനത്തില്‍ മാറ്റം കൊണ്ടുവരണമെന്നാണ് വിലയിരുത്തല്‍.

പിണറായി സര്‍ക്കാരിന്റെ കാലത്ത് അധികാര കേന്ദ്രീകരണമാണ് നടന്നതെന്നും പുതിയ സര്‍ക്കാരിന്റെ ലക്ഷ്യം അധികാര വികേന്ദ്രീകരണമാണെന്നും തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പത്ത് വര്‍ഷം മുമ്പ് വരെ വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.

ഗ്രാമസഭകള്‍ ചേര്‍ന്ന് ഗുണഭോക്താക്കളെ കണ്ടെത്തി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതായിരുന്നു മുന്‍കാല രീതി. എന്നാല്‍ പിന്നീട് ലൈഫ് മിഷന്‍ വഴി നടപടികള്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറിയെന്നാണ് വിലയിരുത്തല്‍.

ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സുരക്ഷിത വീട് എന്ന ലക്ഷ്യത്തോടെ 2016 ഓഗസ്റ്റ് 24നാണ് ലൈഫ് മിഷന്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം വീടുകള്‍ സംസ്ഥാനത്ത് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

You may also like