മലപ്പുറം: കളിക്കുന്നതിനിടെ അലുമിനിയം കലത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. മലപ്പുറം തൃക്കലങ്ങോട് പ്രദേശത്താണ് സംഭവം.
വീട്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയുടെ തല അബദ്ധത്തിൽ അലുമിനിയം കലത്തിനുള്ളിൽ കുടുങ്ങിയത്. വീട്ടുകാർ പല ശ്രമങ്ങളും നടത്തിയെങ്കിലും പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
തുടർന്ന് തിരുവാലി ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടത്തി. കുട്ടിക്ക് ഒരു പോറലുപോലും ഏൽക്കാതെയാണ് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അലുമിനിയം കലം മുറിച്ചുമാറ്റി തല പുറത്തെടുത്തത്.
ഫയർഫോഴ്സിന്റെ സമയോചിതവും സൂക്ഷ്മവുമായ ഇടപെടലിനെ തുടർന്ന് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാരും കുടുംബാംഗങ്ങളും രക്ഷാപ്രവർത്തക സംഘത്തെ അഭിനന്ദിച്ചു.

