ദില്ലി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു. ഖേൽക്കറെ നിയമിച്ച തീരുമാനം ദേശീയ രാഷ്ട്രീയ ചർച്ചയിലേക്ക്. നിയമനത്തെ ചൂണ്ടിക്കാട്ടി കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി.
ബിജെപി നേതാവ് അമിത് മാളവ്യയാണ് വിഷയത്തിൽ പ്രതികരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ സമാന നിയമനങ്ങളെ വിമർശിച്ചിരുന്ന കോൺഗ്രസ് നേതൃത്വം കേരളത്തിലെ നിയമനത്തെക്കുറിച്ച് പ്രതികരിക്കാത്തത് ഇരട്ടത്താപ്പാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നിയമനത്തിൽ സീനിയോറിറ്റി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ബിജെപി വിമർശിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായ ഡോ. രത്തൻ ഖേൽക്കർ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അവധി ദിനമായിട്ടും ചുമതലയേറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നത്.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഖേൽക്കറുടെ നിയമനത്തിനെതിരെ സംസ്ഥാനത്തും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളും വിവിധ രാഷ്ട്രീയ നിരീക്ഷകരും നിയമനത്തെ ചോദ്യം ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലും വിഷയം ചർച്ചയായി.
എന്നാൽ നിയമനത്തിൽ രാഷ്ട്രീയപരമായ പരിഗണനകളില്ലെന്നും ഭരണപരമായ കാര്യക്ഷമതയും പ്രവർത്തനപരിചയവുമാണ് പരിഗണിച്ചതെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് വിശദീകരണം വന്നു. കഴിവും അനുഭവസമ്പത്തുമുള്ള ഉദ്യോഗസ്ഥനെയാണ് ചുമതലയിലേക്ക് കൊണ്ടുവന്നതെന്ന് മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് പ്രതികരിച്ചു.

