ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. ക്രൂഡോയിൽ വിലക്കയറ്റവും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും പ്രധാന വെല്ലുവിളികളായി തുടരുന്നതായി ആർബിഐ പുറത്തിറക്കിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആഗോള സാമ്പത്തിക രംഗം സമ്മർദത്തിലായിരിക്കുമ്പോഴും രാജ്യത്തിനുള്ളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് ആർബിഐ വിലയിരുത്തുന്നു. വ്യാവസായിക മേഖലയിലും സേവന മേഖലയിലും വളർച്ച തുടരുന്നതായും സാധാരണയെക്കാൾ ലഭിച്ച വേനൽമഴ കാർഷിക മേഖലയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലയെയും ബാധിക്കുന്നുവെന്ന മുന്നറിയിപ്പും ആർബിഐ നൽകി. ഈ സാഹചര്യം സാമ്പത്തിക വിപണികളിൽ അസ്ഥിരത വർധിപ്പിക്കാനിടയുണ്ടെന്നും വിലയിരുത്തലിൽ പറയുന്നു.
കരുത്തുറ്റ സേവന കയറ്റുമതി, മെച്ചപ്പെട്ട വിദേശ നിക്ഷേപ പ്രവാഹം, ഉയർന്ന വിദേശനാണ്യ കരുതൽ ശേഖരം, സമയോചിതമായ നയപരമായ ഇടപെടലുകൾ എന്നിവ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് പിന്തുണയാകുമെന്നാണ് ആർബിഐയുടെ പ്രതീക്ഷ.

