Home Entertainment‘സാക്ഷി കാലിൽ വീണ് അനുഗ്രഹം വാങ്ങി’; ധോണിയുടെ കുടുംബവുമായി ഉണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ജയറാം

‘സാക്ഷി കാലിൽ വീണ് അനുഗ്രഹം വാങ്ങി’; ധോണിയുടെ കുടുംബവുമായി ഉണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ജയറാം

by news_desk1
0 comments

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിയുമായി ഉണ്ടായ ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ച് നടൻ ജയറാം. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഐപിഎൽ മത്സരം കാണാനെത്തിയപ്പോഴാണ് സാക്ഷി തന്നെ നേരിൽ കാണാനെത്തിയതെന്നും, തന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞ് കാലിൽ വീണ് അനുഗ്രഹം വാങ്ങിയതെന്നും ജയറാം പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ‘പരിമളം ആൻഡ് കോ’യുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ജയറാം ഈ അനുഭവം പങ്കുവെച്ചത്. സംഭവം നടന്നത് ഒരാഴ്ച മുൻപാണെന്നും അദ്ദേഹം പറഞ്ഞു.

“ചെന്നൈയിൽ ഐപിഎൽ മത്സരം കാണാൻ പോയതായിരുന്നു. സ്റ്റേഡിയത്തിൽ ഇരിക്കുമ്പോൾ ധോണിയുടെ ഭാര്യ സാക്ഷി നടക്കിവരുന്നത് കണ്ടു. ഞാൻ കൂടെയിരുന്നയാളോട് ‘അതാണ് ധോണിയുടെ ഭാര്യ’ എന്ന് പറഞ്ഞു. പക്ഷേ അവർ നേരെ എന്റെ അടുത്തേക്കാണ് വന്നത്. ദൂരത്ത് നിന്ന് ഓടിയെത്തിയ അവർ എന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി. ഒരു നിമിഷം ഞാൻ പോലും അമ്പരന്നുപോയി,” ജയറാം പറഞ്ഞു.

ആദ്യമായി കണ്ടപ്പോൾ മറ്റാരെയെങ്കിലും തെറ്റിദ്ധരിച്ച് വന്നതാകാമെന്ന് കരുതിയതായും ജയറാം പറഞ്ഞു. എന്നാൽ പിന്നീട് സാക്ഷി താൻ ജയറാമിന്റെ വലിയ ആരാധികയാണെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ മകൾ സിവയ്ക്ക് ഉറങ്ങാൻ മലയാളം പാട്ടുകൾ കേൾപ്പിക്കാറുണ്ടായിരുന്നുവെന്നും, പ്രത്യേകിച്ച് ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ…’ എന്ന ഗാനം ഏറെ ഇഷ്ടമായിരുന്നുവെന്നും സാക്ഷി പറഞ്ഞതായി ജയറാം കൂട്ടിച്ചേർത്തു. ആ പാട്ട് കേട്ടാണ് സിവ ഉറങ്ങാറുണ്ടായിരുന്നതെന്നും സാക്ഷി പറഞ്ഞതായാണ് ജയറാമിന്റെ വെളിപ്പെടുത്തൽ.

ജയറാമിന്റെ ഈ അനുഭവവിവരണം സോഷ്യൽ മീഡിയയിലും സിനിമാ-ക്രിക്കറ്റ് ആരാധകർക്കിടയിലും ശ്രദ്ധ നേടുകയാണ്. മലയാള സിനിമയോടും ഗാനങ്ങളോടുമുള്ള സാക്ഷിയുടെയും കുടുംബത്തിന്റെയും ഇഷ്ടം വ്യക്തമാക്കുന്നതാണ് ജയറാമിന്റെ വാക്കുകളെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

You may also like