Home Internationalഷാർജയിൽ ഞെട്ടിക്കുന്ന ദുരന്തം; രണ്ടുവയസ്സുകാരനെ മൂന്നാം നിലയിൽ നിന്ന് തള്ളിയിട്ടു, രണ്ട് കുട്ടികൾ കസ്റ്റഡിയിൽ

ഷാർജയിൽ ഞെട്ടിക്കുന്ന ദുരന്തം; രണ്ടുവയസ്സുകാരനെ മൂന്നാം നിലയിൽ നിന്ന് തള്ളിയിട്ടു, രണ്ട് കുട്ടികൾ കസ്റ്റഡിയിൽ

by news_desk1
0 comments

യുഎഇയിലെ ഷാർജയിൽ രണ്ടുവയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കുട്ടി താഴേക്ക് വീണ് മരിച്ച സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.

മുഹമ്മദ് അർഷ്മാൻ എന്ന രണ്ടുവയസ്സുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, പത്ത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ചോദ്യം ചെയ്യലിനും തുടർനടപടികൾക്കുമായി ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ പരിഗണനയ്ക്ക് കൈമാറി.

സംഭവസമയത്ത് കുട്ടിയുടെ അമ്മ ഫ്ലാറ്റിനുള്ളിലേക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കെട്ടിടത്തിന്റെ പൊതുപ്രദേശത്ത് കളിക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് കുട്ടി കെട്ടിടത്തിന്റെ ഉയർന്ന ഭാഗത്ത് നിന്ന് താഴേക്ക് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് ഷാർജ പൊലീസ്, സിഐഡി, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

മരിച്ച കുട്ടിയുടെ പിതാവ് സജ്ജാദ് ഹുസൈൻ യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസിയാണ്. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ലഭിച്ച മകന്റെ വേർപാട് കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ കുടുംബം താൽക്കാലികമായി പാകിസ്ഥാനിലേക്ക് മടങ്ങിയതായാണ് വിവരം.

സംഭവത്തിന്റെ പശ്ചാത്തലവും കുട്ടികളുടെ പങ്കും സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

You may also like