ഷെയ്ൻ നിഗം നായകനായ ത്രില്ലർ ചിത്രം ‘ദൃഢം’ ഒടിടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ജൂൺ 12 മുതൽ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ്. വലിയ പ്രതീക്ഷകളോടെയും ആത്മവിശ്വാസത്തോടെയും ഒരു ഗ്രാമീണ പൊലീസ് സ്റ്റേഷനിൽ ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സസ്പെൻസും ത്രില്ലും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ കഥ മുന്നേറുന്നു.
‘പ്രൊട്ടക്ട്, സർവ്, സർവൈവ്’ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ‘കൊറോണ പേപ്പേഴ്സ്’, ‘വേല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും പൊലീസ് വേഷത്തിലെത്തിയ ചിത്രമാണിത്.
ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ. ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോമോൻ ജോണും ലിന്റോ ദേവസ്യയും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. പി.എം. ഉണ്ണികൃഷ്ണൻ ഛായാഗ്രഹണവും വിനായക് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
തിയറ്ററുകളിൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി സിനിമാപ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

