തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രക്ഷിതാക്കൾക്ക് നിർണായക നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി) രംഗത്തെത്തി. കുട്ടികളെ കഴിയുന്നത്ര സ്കൂൾ ബസുകളിലോ അംഗീകൃത വിദ്യാർത്ഥി ഗതാഗത സംവിധാനങ്ങളിലോ മാത്രം സ്കൂളിലേക്ക് അയക്കണമെന്നാണ് എംവിഡിയുടെ നിർദേശം. ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലയക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.
അടുത്തിടെ ഓട്ടോറിക്ഷ ഒരു ഹമ്പ് കയറിയപ്പോൾ കുട്ടി വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സംഭവം ചൂണ്ടിക്കാട്ടിയാണ് എംവിഡിയുടെ മുന്നറിയിപ്പ്. ഓട്ടോറിക്ഷകളിൽ അനുവദനീയമായതിലധികം കുട്ടികളെ കയറ്റുന്നത് ഗുരുതര അപകടങ്ങൾക്ക് ഇടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നോൺ-ട്രാൻസ്പോർട്ട് വിഭാഗത്തിൽപ്പെടുന്ന സ്വകാര്യ വാഹനങ്ങൾ വിദ്യാർത്ഥി ഗതാഗതത്തിനായി ഉപയോഗിക്കരുതെന്നും എംവിഡി നിർദേശിച്ചു. ഇത്തരത്തിലുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് കൈയോ തലയോ പുറത്തേക്ക് ഇടാനുള്ള സാധ്യത കൂടുതലാണെന്നും ഇത് അപകട സാധ്യത വർധിപ്പിക്കുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥി സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ സ്കൂൾ വാഹനങ്ങളിൽ കർശന പരിശോധനകൾ നടത്താനും എംവിഡി തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ വാഹനങ്ങൾ വഴിയിൽ തടഞ്ഞുനിർത്തി ഡ്രൈവർമാർക്ക് മദ്യ-ലഹരി പരിശോധനകൾ ഉൾപ്പെടെ നടത്തും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ്-മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുട്ടികളുടെ യാത്രാസുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.

