തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. അഖിലയുടെ അമ്മ റീനയോടുള്ള വൈരാഗ്യമാണ് ഒന്നാം പ്രതിയായ അഷ്‌കര്‍ കുഞ്ഞിനോട് തീര്‍ത്തതെന്ന് അടുത്ത ബന്ധു ആരോപിച്ചു. അഖിലയുടെ പേരിലുള്ള ഭൂമി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റീന അഷ്‌കറിനെ മര്‍ദിച്ചിരുന്നുവെന്നും അതിന്റെ പ്രതികാരമാണ് പിന്നീട് കുഞ്ഞിനോട് കാണിച്ചതെന്നുമാണ് ബന്ധുവിന്റെ ആരോപണം.
അഷ്‌കറിനെ കസേര ഉപയോഗിച്ച് മര്‍ദിച്ച സംഭവത്തിന് ശേഷമാണ് കുഞ്ഞിനോടുള്ള വൈരാഗ്യം ആരംഭിച്ചതെന്ന് ബന്ധു പറയുന്നു. കുഞ്ഞിന്റെ ഇരുകൈകളും അഷ്‌കര്‍ നേരത്തെ ഒടിച്ചിരുന്നുവെന്നും, ഈ വിവരം അഖിലയ്ക്കും റീനയ്ക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അഷ്‌കര്‍ ആദ്യ ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയ സംഭവവും കുടുംബത്തിന് അറിയാമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
കുഞ്ഞിനെ പിതാവിന്റെ ബന്ധുക്കള്‍ക്ക് കൈമാറണമെന്ന ആവശ്യം ആവശ്യപ്പെട്ടിരുന്നു.കുഞ്ഞിനെ നോക്കുന്നതിനായി പ്രതിമാസം 25,000 രൂപ റീന ആവശ്യപ്പെട്ടുവെന്നാണ് ബന്ധുവിന്റെ ആരോപണം. ഇപ്പോള്‍ കുഞ്ഞിനെ വളര്‍ത്തുമായിരുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതിയായ അഷ്‌കറിനെതിരെ എസ്‌സി-എസ്‌ടി അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കേസിന്റെ ഭാഗമായി അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവദിവസം അഖില നാഗര്‍കോവിലില്‍ എത്തിയിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനായി പൊലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.
വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ശരീരത്തില്‍ 91 പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. നെഞ്ചിലേറ്റ അതിക്രൂരമായ ചവിട്ടേറ്റ് ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞതും ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം സംഭവിച്ചതുമാണ് മരണകാരണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തലയ്ക്ക് അഞ്ചിടങ്ങളില്‍ നീര്‍ക്കെട്ടും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തില്‍ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പരാതികളിലും അഷ്‌കറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം നല്‍കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിച്ചുവെന്ന പേരില്‍ അഷ്‌കര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മര്‍ദിച്ചതായി അഷ്‌കര്‍ സമ്മതിച്ചിട്ടുണ്ട്. കരച്ചില്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചുവെന്നാണ് ഇയാളുടെ മൊഴി. കുഞ്ഞിനെ അഷ്‌കര്‍ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്ന കാര്യം അഖിലയും അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

