മലപ്പുറം: കൊണ്ടോട്ടി ജോയിന്റ് ആർടിഒ ഓഫീസിൽ എംഎൽഎ ടി.പി. അഷ്‌റഫലി നടത്തിയ സന്ദർശനവും യോഗവും വിവാദത്തിൽ. ഓഫീസിലെ ഉദ്യോഗസ്ഥർ നിരന്നുനിന്ന് സല്യൂട്ട് ചെയ്യുന്നതും, ജോയിന്റ് ആർടിഒയുടെ കസേരയിൽ ഇരുന്ന് എംഎൽഎ യോഗം നടത്തുന്നതും ഉൾപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചട്ടലംഘനാരോപണം ശക്തമായത്.
എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലാണ് വിവാദമായ ദൃശ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ഓഫീസിലെത്തിയ എംഎൽഎയെ ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്ത് സ്വീകരിക്കുന്നതും പൂച്ചെണ്ട് നൽകി ആദരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഓഫീസിനുള്ളിലെ പ്രധാന കസേരയിൽ എംഎൽഎ ഇരിക്കുകയും, ചുറ്റുമായി ഉദ്യോഗസ്ഥർ ഇരുന്ന് യോഗത്തിൽ പങ്കെടുക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്. സർക്കാർ ഓഫീസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കസേരയിൽ ജനപ്രതിനിധികൾ ഇരിക്കുന്നത് ചട്ടങ്ങൾക്കു വിരുദ്ധമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സന്ദർശനത്തിനെത്തുന്ന എംഎൽഎമാർക്കും മന്ത്രിമാർക്കും പ്രത്യേക ഇരിപ്പിടം ഒരുക്കേണ്ടതാണെന്നും ഉദ്യോഗസ്ഥന്റെ സീറ്റിൽ ഇരിക്കുന്നത് ഔദ്യോഗിക മര്യാദകൾ ലംഘിക്കുന്നതാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
കൊണ്ടോട്ടി ജോയിന്റ് ആർടിഒ ഓഫീസിലെ ജീവനക്കാരുടെ കുറവും സേവനങ്ങളിലെ കാലതാമസവും വിലയിരുത്താനാണ് സന്ദർശനം നടത്തിയതെന്ന് എംഎൽഎ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജോയിന്റ് ആർടിഒ ഓഫീസുകളിൽ ഒന്നായിട്ടും ആവശ്യമായ ജീവനക്കാരുടെ നിയമനം നടന്നിട്ടില്ലെന്നും, ലൈസൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കാൻ ജനങ്ങൾ വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഓഫീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സന്ദർശനത്തിനിടെ സ്വീകരിച്ച രീതികളാണ് ഇപ്പോൾ പൊതുചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

