Home Keralaപൊലീസിൽ വൻ പുനഃസംഘടന; എസ്എച്ച്ഒ സംവിധാനം 64 സ്റ്റേഷനുകളിൽ മാത്രം, 212 പുതിയ സർക്കിളുകൾക്ക് ശുപാർശ

പൊലീസിൽ വൻ പുനഃസംഘടന; എസ്എച്ച്ഒ സംവിധാനം 64 സ്റ്റേഷനുകളിൽ മാത്രം, 212 പുതിയ സർക്കിളുകൾക്ക് ശുപാർശ

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ശുപാർശകളുമായി വിദഗ്ധ സമിതി റിപ്പോർട്ട്. നിലവിൽ ഭൂരിഭാഗം സ്റ്റേഷനുകളിലും നടപ്പാക്കിയിട്ടുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സംവിധാനം 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം തുടരുന്നത് മതിയെന്നും, ബാക്കിയുള്ള സ്റ്റേഷനുകളെ സർക്കിൾ സംവിധാനത്തിലേക്ക് മാറ്റണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ ഏകദേശം 480 സ്റ്റേഷനുകളിലും ഇൻസ്പെക്ടർമാരെ എസ്എച്ച്ഒമാരായി നിയമിച്ചിരുന്ന സംവിധാനം പുനഃപരിശോധിക്കണമെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി 212 പുതിയ സർക്കിളുകൾ രൂപീകരിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവികളുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. ഓരോ പ്രദേശത്തെയും ക്രമസമാധാന സാഹചര്യം, കേസുകളുടെ എണ്ണം, ജനസംഖ്യ, കുറ്റകൃത്യങ്ങളുടെ സ്വഭാവം എന്നിവ വിലയിരുത്തിയാണ് പുതിയ ഘടന നിർദേശിച്ചിരിക്കുന്നത്.

പുതിയ സംവിധാനമനുസരിച്ച് പ്രധാനപ്പെട്ടതും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളിലും മാത്രമാകും ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക. മറ്റ് പല സ്റ്റേഷനുകളിലും രണ്ട് സ്റ്റേഷനുകൾക്ക് ഒരു സർക്കിൾ ഇൻസ്പെക്ടർ എന്ന രീതിയിലേക്ക് മാറ്റം വരും. വാർഷികമായി ആയിരത്തിൽ താഴെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളുടെ ഭരണച്ചുമതല സബ് ഇൻസ്പെക്ടർമാർക്ക് കൈമാറാനും റിപ്പോർട്ടിൽ നിർദേശമുണ്ട്.

പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് വ്യാപകമായി എസ്എച്ച്ഒ സംവിധാനം നടപ്പാക്കിയത്. എന്നാൽ ഈ സംവിധാനം പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്ന് രണ്ട് വർഷം മുമ്പ് രൂപീകരിച്ച സമിതി അതിൽ ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് വീണ്ടും പഠനം നടത്താൻ പുതിയ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു.

പുതിയ പുനഃസംഘടന നടപ്പായാൽ അധികമായി ലഭിക്കുന്ന സർക്കിൾ ഇൻസ്പെക്ടർമാരെ സൈബർ ക്രൈം, പോക്സോ അന്വേഷണം, പ്രത്യേക കുറ്റാന്വേഷണ വിഭാഗങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് വിന്യസിക്കാനാണ് ആലോചിക്കുന്നത്. പൊലീസ് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും അന്വേഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ മുന്നോട്ടുവെക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം ആഭ്യന്തര വകുപ്പിൽ നടപ്പാക്കാനൊരുങ്ങുന്ന പ്രധാന ഭരണപരിഷ്കാരങ്ങളിൽ ഒന്നായാണ് ഈ ശുപാർശകൾ വിലയിരുത്തപ്പെടുന്നത്.

You may also like