തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം കൂടുതൽ സുഗമമാക്കുന്നതിനും പൊതുജന സേവനങ്ങൾ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന, ഒരേ സ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഏകീകരണം, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി എന്നിവയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സേവന നടപടികൾ ലളിതമാക്കുന്നതിലൂടെ ഭരണരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണവിപണിയിലെ വിലക്കയറ്റം തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഓഗസ്റ്റ് 10 മുതൽ മഞ്ഞ കാർഡ് ഉടമകൾക്കായി 16 ഇനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും.
അധ്യാപകർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും, ഇത് ലഹരി നെറ്റ്വർക്കിന്റെ ആഴമാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എം.ആർ. അജിത് കുമാറിനെതിരായ നടപടി എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചും വിശദാംശം തേടിയുമാണ് എടുത്തതെന്നും, കാറ്റ് (CAT) സ്റ്റേ അനുവദിക്കാത്തത് സർക്കാർ കൃത്യമായി നടപടിക്രമങ്ങൾ പാലിച്ചതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാചകത്തെക്കുറിച്ചുള്ള തന്റെ പ്രസംഗം സ്ത്രീവിരുദ്ധമാണെന്ന വിമർശനങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. താൻ യാതൊരുവിധ സ്ത്രീവിരുദ്ധ പരാമർശവും നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെൺമക്കൾ എന്നല്ല, മക്കൾക്ക് തന്നെ ഇത്തരം കാര്യങ്ങൾ പകർന്നു നൽകണമെന്നാണ് താൻ പറഞ്ഞതെന്നും, മുൻപ് പറഞ്ഞ നിലപാടുകളിൽ പൂർണ്ണമായി ഉറച്ചുനിൽക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ‘അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’ എന്ന പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
