Home Nationalജന്തർ മന്തറിലെ കല്ല് നിറച്ച ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നതെന്ന് ഡൽഹി പൊലീസ്; ഗൂഢാലോചനാ ആരോപണം തള്ളി

ജന്തർ മന്തറിലെ കല്ല് നിറച്ച ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നതെന്ന് ഡൽഹി പൊലീസ്; ഗൂഢാലോചനാ ആരോപണം തള്ളി

by news_desk1
0 comments

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന വാഹനമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ന്യൂഡൽഹി ഡിസിപിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിഷേധത്തിന് നാല് ദിവസം മുൻപാണ് ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും, മറ്റൊരു അപകടക്കേസിൽ ഉൾപ്പെട്ട വാഹനമായിരുന്നുവെന്നുമാണ് വിശദീകരണം.

ആറു പേർക്ക് പരിക്കേറ്റ അപകടത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസിലാണ് ട്രക്ക് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന കല്ലുകളുടെ ലോഡ് പിന്നീട് ഒഴിവാക്കിയതായും ഡിസിപി എക്‌സിൽ പങ്കുവെച്ച വിശദീകരണത്തിൽ പറയുന്നു.

HR63E 6865 നമ്പറിലുള്ള ട്രക്ക് ജന്തർ മന്തറിലോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഓഫീസിന് മുന്നിലോ മനപ്പൂർവം വിന്യസിച്ചുവെന്ന പ്രചാരണം പൂർണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊലീസ് വ്യക്തമാക്കി. ജൂലൈ 16-ന് EECO വാനും ട്രക്കും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്കേറ്റ അപകടത്തെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

സ്ഥലപരിമിതി കാരണം ആദ്യം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപമാണ് ട്രക്ക് പാർക്ക് ചെയ്തിരുന്നത്. തുടർന്ന് ‘ചലോ സംസദ്’ പ്രതിഷേധവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ പരിഗണിച്ച്, ട്രക്കിലെ ലോഡ് ഒഴിവാക്കിയ ശേഷം ജൂലൈ 20-ന് പുലർച്ചെയോടെ ഉടമയ്ക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

പ്രതിഷേധക്കാർക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് ട്രക്ക് അവിടെ എത്തിച്ചതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും ഡൽഹി പൊലീസ് അഭ്യർഥിച്ചു.

You may also like