Home Localതിരൂർ റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവ് പിടികൂടി; പൊന്നാനിയിൽ വിദ്യാർഥികൾക്ക് ലഹരി വിറ്റ യുവാവും അറസ്റ്റിൽ

തിരൂർ റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവ് പിടികൂടി; പൊന്നാനിയിൽ വിദ്യാർഥികൾക്ക് ലഹരി വിറ്റ യുവാവും അറസ്റ്റിൽ

by news_desk1
0 comments

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വൻ കഞ്ചാവ് ശേഖരം എക്‌സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടി. ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമിൽ കവറിനുള്ളിൽ സൂക്ഷിച്ചിരുന്ന 23 കിലോയിലധികം കഞ്ചാവാണ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്.

തിരൂർ എക്‌സൈസ് സർക്കിൾ വിഭാഗവും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതർ അറിയിച്ചു. കഞ്ചാവ് സ്റ്റേഷനിലെത്തിച്ചതാരെന്നും ലക്ഷ്യസ്ഥാനമൊക്കെയെന്നും കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. എസ്. പ്രഷോബിന്റെ നേതൃത്വത്തിലുള്ള സംഘവും ആർ.പി.എഫ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്.

ഇതിനിടെ, പൊന്നാനിയിൽ വിദ്യാർഥികളെ ലക്ഷ്യമാക്കി കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുല്ല റോഡ് സ്വദേശി ഫാരിസ് (21) ആണ് പിടിയിലായത്. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.

പ്രതിയുടെ കൈവശത്തിൽ നിന്ന് വിൽപ്പനയ്ക്കായി പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മുൻപ് മോഷണക്കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ലഹരി വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ലഹരിമരുന്ന് കടത്ത്, വിൽപ്പന എന്നിവയ്‌ക്കെതിരെ ജില്ലയിൽ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

You may also like