ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി ദേശീയ നേതാക്കളെ ഇക്കാര്യം അറിയിച്ചതായാണ് സൂചന. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് സുരേഷ് ഗോപി തന്റെ നിലപാട് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
മന്ത്രിയായതിന് ശേഷം സിനിമാ മേഖലയിൽ സജീവമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും അഭിനയരംഗത്തേക്ക് കൂടുതൽ സമയം കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം പകുതിയോടെ കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടന നടക്കുമെന്ന സൂചനകൾക്കിടെയാണ് അദ്ദേഹത്തിന്റെ ആവശ്യം ശ്രദ്ധേയമാകുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനം നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചപ്പോഴും സമാനമായ നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചിരുന്നത്. സിനിമാ അഭിനയം തുടരണമെന്ന ആഗ്രഹം താൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും, വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് സിനിമയാണെന്നും അദ്ദേഹം അന്ന് തുറന്നുപറഞ്ഞിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി മറ്റൊരു നേതാവിനെ പരിഗണിക്കാമെന്ന അഭിപ്രായവും അന്ന് അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും മുന്നിൽ കണ്ട് ബിജെപി കേന്ദ്ര മന്ത്രിസഭയിൽ വ്യാപകമായ അഴിച്ചുപണിക്ക് ഒരുങ്ങുകയാണെന്നാണ് ദേശീയ തലത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരവധി വകുപ്പുകളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും ചില മന്ത്രിമാർക്ക് പുതിയ ചുമതലകൾ നൽകുമെന്നും സൂചനയുണ്ട്.
കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾക്കും മന്ത്രിസഭാ പുനഃസംഘടനയിൽ അവസരം ലഭിക്കുമോയെന്ന ചർച്ചകളും സജീവമാണ്. കേന്ദ്ര സഹമന്ത്രിയായ ജോർജ് കുര്യന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്ന് പുതിയ മുഖങ്ങളെ പരിഗണിക്കുമെന്ന വിലയിരുത്തലും ശക്തമാണ്. സി. സദാനന്ദൻ മാസ്റ്റർ, അനിൽ ആന്റണി, കെ. സുരേന്ദ്രൻ തുടങ്ങിയ പേരുകൾ ചർച്ചകളിൽ ഉയരുന്നുണ്ട്.
അതേസമയം, കേന്ദ്ര മന്ത്രിസ്ഥാനത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം ബിജെപി നേതൃത്വം എങ്ങനെ പരിഗണിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മന്ത്രിസഭാ പുനഃസംഘടന പ്രഖ്യാപിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

