Home Nationalധർമേന്ദ്ര പ്രധാനെ കൈവിടാതെ മോദി; രാജി ആവശ്യം ശക്തമാകുമ്പോഴും വിദ്യാഭ്യാസ മന്ത്രിക്ക് പൂർണ പിന്തുണ

ധർമേന്ദ്ര പ്രധാനെ കൈവിടാതെ മോദി; രാജി ആവശ്യം ശക്തമാകുമ്പോഴും വിദ്യാഭ്യാസ മന്ത്രിക്ക് പൂർണ പിന്തുണ

by news_desk1
0 comments

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരായ വിമർശനങ്ങളും രാജി ആവശ്യവും ശക്തമാകുന്നതിനിടെ അദ്ദേഹത്തിന് പൂർണ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ ഉയർന്നിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലും മന്ത്രിയെ മാറ്റാനുള്ള ആലോചന കേന്ദ്രനേതൃത്വത്തിനില്ലെന്നാണ് ലഭിക്കുന്ന സൂചന.

സിബിഎസ്ഇ പുനർമൂല്യനിർണയ നടപടികളിലെ സാങ്കേതിക തകരാറുകളും വിവിധ ദേശീയ പ്രവേശന പരീക്ഷകളെ ചുറ്റിപ്പറ്റിയ വിവാദങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. എന്നാൽ മന്ത്രിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിന് പകരം അദ്ദേഹത്തെ വിശ്വസിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന വിദേശ സന്ദർശന സംഘത്തിലും ധർമേന്ദ്ര പ്രധാൻ ഉൾപ്പെട്ടേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോടുള്ള നേതൃത്വത്തിന്റെ വിശ്വാസത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ, വിദ്യാഭ്യാസ രംഗത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയും ഡൽഹിയിൽ ശ്രദ്ധ നേടുകയാണ്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തിയും പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം.

അതേസമയം, സിബിഎസ്ഇ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതികളിൽ പ്രതികരിച്ച ധർമേന്ദ്ര പ്രധാൻ, സംഭവിച്ച പിഴവുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വ്യക്തമാക്കി. വിദ്യാർഥികളുടെ ഉത്തരക്കടലാസുകളും മാർക്ക് വിവരങ്ങളും സുരക്ഷിതമാണെന്നും പുതിയ ഓൺലൈൻ സംവിധാനത്തിന്റെ ആദ്യഘട്ട നടപ്പാക്കലിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പിഴവുകൾ ആവർത്തിക്കാതിരിക്കാൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾക്കിടയിലും ധർമേന്ദ്ര പ്രധാന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ തുടരുന്ന സാഹചര്യത്തിൽ, രാജി ആവശ്യം രാഷ്ട്രീയ തലത്തിൽ കൂടുതൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.

You may also like