Home Nationalദില്ലിയിലെത്തി അഭിജിത് ദീപ്കെ; സമാധാനപരമായ പ്രക്ഷോഭം മാത്രമെന്ന് ആവർത്തിച്ച് സിജെപി സ്ഥാപകൻ

ദില്ലിയിലെത്തി അഭിജിത് ദീപ്കെ; സമാധാനപരമായ പ്രക്ഷോഭം മാത്രമെന്ന് ആവർത്തിച്ച് സിജെപി സ്ഥാപകൻ

by news_desk1
0 comments

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ദില്ലിയിലെത്തി. പ്രതിഷേധം പൂർണമായും സമാധാനപരമായിരിക്കുമെന്നും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ദില്ലിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദീപ്കെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാര ആവശ്യങ്ങളുമാണ് പ്രതിഷേധത്തിന്റെ പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരായോ വ്യക്തികൾക്കെതിരായോ ഉള്ള പ്രതിഷേധമല്ല ഇത്, വിദ്യാഭ്യാസ രംഗത്തെ ജനകീയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടാനുള്ള ജനാധിപത്യപരമായ ഇടപെടലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരോട് സമാധാനം പാലിക്കാനും പൊലീസുമായോ പൊതുജനങ്ങളുമായോ ഏറ്റുമുട്ടലിന് ഇടവരുത്തരുതെന്നും ദീപ്കെ നിർദേശിച്ചു. ദേശീയപതാകയും പുസ്തകവും കൈയിൽ കരുതി പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമം ലംഘിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും, പ്രകോപനങ്ങൾ ഉണ്ടായാലും പ്രതികരിക്കാതെ ശാന്തത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധ പരിപാടിക്ക് മുന്നോടിയായി ദില്ലിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തർ ഉൾപ്പെടെയുള്ള മേഖലകളിൽ അധിക പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതികൾക്കായി പാർട്ടി നേതൃത്വം പൊലീസിനെ സമീപിച്ചതായും വിവരമുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ വലിയ സ്വീകാര്യത നേടിയ സിജെപി ആദ്യമായി ദേശീയ തലത്തിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനാൽ പരിപാടിയിലേക്ക് വലിയ ശ്രദ്ധയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ സാമൂഹിക-വിദ്യാർത്ഥി സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും വിദ്യാർത്ഥികളുടെ ആശങ്കകൾ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. ജനാധിപത്യപരവും സമാധാനപരവുമായ രീതിയിലായിരിക്കും എല്ലാ പരിപാടികളും നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like