Home Keralaഅബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയുടെ കണക്ക് എവിടെ? ബാക്കി പണത്തെച്ചൊല്ലി ചോദ്യങ്ങളും വിമര്‍ശനവും

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയുടെ കണക്ക് എവിടെ? ബാക്കി പണത്തെച്ചൊല്ലി ചോദ്യങ്ങളും വിമര്‍ശനവും

by news_desk1
0 comments

കോഴിക്കോട്: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ച തുകയുടെ കണക്ക് ഇതുവരെ അവതരിപ്പിക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. റഹീം നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വരവ്-ചെലവ് കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ വിമര്‍ശനം വ്യാപകമായി ഉയര്‍ന്നത്.

മോചനദ്രവ്യം നല്‍കിയതിന് ശേഷവും ഏകദേശം 10 കോടി രൂപ ബാക്കി ഉണ്ടെന്നാണ് വിലയിരുത്തല്‍. ഈ തുക എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യം. അതേസമയം, അധികമായി ലഭിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് നിയമസഹായ സമിതിയുടെ വിശദീകരണം.

ഇക്കഴിഞ്ഞ മെയ് 28-നാണ് അബ്ദുല്‍ റഹീം നാട്ടിലെത്തിയത്. എന്നാല്‍ ഇതുവരെ ക്രൗഡ് ഫണ്ടിങ്ങിന്റെ പൂര്‍ണ കണക്ക് പുറത്തുവിട്ടിട്ടില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. സംശയങ്ങള്‍ ഒഴിവാക്കാന്‍ വിശദമായ കണക്ക് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

അതേസമയം, പണത്തിന്റെ കണക്ക് അവതരിപ്പിക്കേണ്ടത് നിയമസഹായ സമിതിയാണെന്നാണ് റഹീമിന്റെ കുടുംബത്തിന്റെ നിലപാട്. ക്രൗഡ് ഫണ്ടിങ് പ്രവര്‍ത്തനങ്ങളുമായി കുടുംബത്തിന് നേരിട്ട് ബന്ധമില്ലെന്നും ശേഖരിച്ച തുകയില്‍ അവകാശവാദമൊന്നും ഉന്നയിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.

ഇതിനിടെ, റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയില്‍ ബാക്കിയുള്ള പണം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ സംഭാവന നല്‍കിയവരുടെ അഭിപ്രായം തേടണമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍ അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റഗ്രാം വഴി പൊതുജനാഭിപ്രായം ശേഖരിക്കുമെന്നും ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബാക്കി തുക ദുരുപയോഗം ചെയ്യാതെ, വിവാദങ്ങള്‍ക്ക് വഴിവെക്കാതെ നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കണമെന്നാണ് തന്റെ നിലപാടെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. പലരും 13 കോടി രൂപയുടെ കണക്ക് ചോദിക്കുന്നുണ്ടെന്നും താന്‍ ഒരു കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ നേരിട്ട് പണം കൈകാര്യം ചെയ്തിട്ടില്ലെന്നും എല്ലാവരോടും നിയമസഹായ സമിതിയുടെ ക്യൂആര്‍ കോഡിലേക്ക് നേരിട്ട് പണം അയക്കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. സംഭാവന പെട്ടിയിലൂടെ ഏകദേശം 70,000 രൂപ മാത്രമാണ് ലഭിച്ചതെന്നും തന്റെ പേരില്‍ പല സ്ഥലങ്ങളിലും പണപ്പിരിവ് നടന്നതോടെ പെട്ടിയിലൂടെ പണം സ്വീകരിക്കുന്നത് നിര്‍ത്തിയെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.

2006 ഡിസംബര്‍ 24-നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷിയില്ലാതിരുന്ന അനസിന് പ്രത്യേക ഉപകരണത്തിലൂടെയായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്.

ഷോപ്പിങിനായി പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. തര്‍ക്കത്തിനിടെ അനസിനെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കഴുത്തിലെ ഉപകരണത്തില്‍ കൈ തട്ടുകയും അനസ് ബോധരഹിതനാകുകയും പിന്നീട് മരണപ്പെടുകയും ചെയ്തുവെന്നാണ് കേസ് രേഖകള്‍ പറയുന്നത്. തുടര്‍ന്ന് സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

കേസില്‍ റഹീമിന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ഒന്നരക്കോടി സൗദി റിയാല്‍ ദിയാധനം നല്‍കിയതിനെ തുടര്‍ന്ന് വധശിക്ഷ ഒഴിവാക്കപ്പെട്ടു. റഹീമിന്റെ മോചനത്തിനായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ ആകെ 46 കോടി രൂപയാണ് ശേഖരിച്ചത്. ഇതില്‍ ബാക്കിയുള്ള തുകയാണ് നിലവില്‍ നിയമസഹായ സമിതിയുടെ ബാങ്ക് അക്കൗണ്ടിലുള്ളത്.

You may also like