കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ 4:50 മുതൽ രാജ്യത്തിന്റെ വ്യോമപാത അടച്ചതായി കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. നിലവിൽ സർവീസ് നടത്തിയിരുന്ന വിമാനങ്ങൾ അംഗീകൃത നടപടിക്രമങ്ങൾ അനുസരിച്ച് മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും അധികൃതർ വ്യക്തമാക്കി.
പ്രദേശത്തെ സിവിൽ വ്യോമഗതാഗതത്തിന് ഭീഷണിയാകാവുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും കുവൈത്തിനെതിരെ നടന്നതായി അധികൃതർ വിശേഷിപ്പിക്കുന്ന ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് അതോറിറ്റി അറിയിച്ചു.
സാഹചര്യം ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും സുരക്ഷാ വകുപ്പുകളുമായും ചേർന്ന് നിരന്തരം വിലയിരുത്തുകയാണെന്നും അപകടസാധ്യത പൂർണമായും അവസാനിച്ചതായി സ്ഥിരീകരിക്കുന്നതോടെ വ്യോമപാത വീണ്ടും തുറന്ന് വിമാന സർവീസുകൾ സാധാരണ നിലയിലാക്കുമെന്നും DGCA വ്യക്തമാക്കി.
യാത്രക്കാരും വിമാനക്കമ്പനികളും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ബന്ധപ്പെട്ട നിർദേശങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.

