Home National‘സൗജന്യ ബസ് യാത്ര പദ്ധതി ബിസിനസ് തകർത്തു’; ഭാര്യയെയും മകനെയും കൊലപ്പെടുത്തി വ്യാപാരി ജീവനൊടുക്കിയെന്ന് കുറിപ്പ്

‘സൗജന്യ ബസ് യാത്ര പദ്ധതി ബിസിനസ് തകർത്തു’; ഭാര്യയെയും മകനെയും കൊലപ്പെടുത്തി വ്യാപാരി ജീവനൊടുക്കിയെന്ന് കുറിപ്പ്

by news_desk1
0 comments

മാണ്ഡ്യ: കർണാടക സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയെ തുടർന്ന് ടെക്സ്റ്റൈൽ വ്യാപാരം തകർന്നുവെന്ന ആരോപണം ഉയർത്തി ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് വ്യാപാരി ജീവനൊടുക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം.

ടെക്സ്റ്റൈൽ വ്യാപാരിയായ പ്രഭാകർ (65), ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (30) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം പ്രഭാകർ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ തന്റെ സാമ്പത്തിക പ്രതിസന്ധിക്കും കടബാധ്യതയ്ക്കും കാരണം കോൺഗ്രസ് സർക്കാരിന്റെ ഗ്യാരണ്ടി പദ്ധതികളിലൊന്നായ ‘ശക്തി’ പദ്ധതിയാണെന്ന് പ്രഭാകർ ആരോപിക്കുന്നതായി പൊലീസ് അറിയിച്ചു.

ഒന്നര മാസം മുൻപായിരുന്നു സന്തോഷിന്റെ വിവാഹം. ആദ്യം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകനെയും പ്രഭാകർ ആക്രമിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സന്തോഷിന്റെ ഭാര്യ ഉറക്കമുണർന്നപ്പോഴാണ് വീട്ടിലെ മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നിലവിൽ വന്നതോടെ തന്റെ വസ്ത്രവ്യാപാരം ഗുരുതരമായി ബാധിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. മുമ്പ് തന്റെ കടയിൽ നിന്ന് വലിയ തോതിൽ വസ്ത്രങ്ങൾ വാങ്ങിയിരുന്ന ഉപഭോക്താക്കൾ നഗരപ്രദേശങ്ങളിലേക്ക് പോയി വാങ്ങാൻ തുടങ്ങിയെന്നും അതോടെ വ്യാപാരം ഇടിഞ്ഞുവെന്നും അദ്ദേഹം കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കടം വാങ്ങി വാങ്ങിച്ച വസ്ത്രങ്ങൾ വിറ്റഴിക്കാനാകാതെ വന്നതായും, പണം പലിശയ്ക്ക് നൽകിയവർ നിരന്തരം വീട്ടിലെത്തി സമ്മർദം ചെലുത്തിയതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഈ സാഹചര്യം വലിയ മാനസിക സമ്മർദത്തിനും അപമാനബോധത്തിനും കാരണമായെന്നും അദ്ദേഹം രേഖപ്പെടുത്തി.

വ്യാപാരം നിലനിർത്താൻ എടുത്ത ലക്ഷക്കണക്കിന് രൂപയുടെ കടം തിരിച്ചടയ്ക്കാൻ കഴിയാതായതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നും ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like