തായ്ചുങ്: ചൈനയുമായുള്ള വർധിച്ചുവരുന്ന സംഘർഷാന്തരീക്ഷത്തിനിടെ തായ്‌വാൻ അമേരിക്ക നൽകിയ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (ഹൈമാർസ്) ഉപയോഗിച്ച് വൻ സൈനികാഭ്യാസം നടത്തി. ചൈനയുടെ സാധ്യതാപരമായ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സജ്ജതാ പരിശീലനത്തിന്റെ ഭാഗമായാണ് റോക്കറ്റുകൾ വിക്ഷേപിച്ചത്.
തായ്‌വാന്റെ പടിഞ്ഞാറൻ തീരത്ത് നടന്ന സൈനികാഭ്യാസത്തിന്റെ രണ്ടാം ദിവസത്തിലാണ് ഹൈമാർസ് ലോഞ്ചറുകളിൽ നിന്ന് റോക്കറ്റുകൾ വിക്ഷേപിച്ചത്. തായ്‌വാനെയും ചൈനയെയും വേർതിരിക്കുന്ന കടലിടുക്കിലേക്കായിരുന്നു റോക്കറ്റുകൾ ലക്ഷ്യമിട്ടത്. സുരക്ഷാ കാരണങ്ങളാൽ റോക്കറ്റുകളുടെ ദൂരം നിയന്ത്രിച്ച് കടലിൽ പതിക്കുന്ന തരത്തിലാണ് പരീക്ഷണം നടത്തിയത്. അഭ്യാസത്തിൽ 155 എംഎം ഹോവിറ്റ്സർ പീരങ്കികളും വിന്യസിച്ചു.
വിക്ഷേപണത്തിന് പിന്നാലെ അതിവേഗത്തിൽ സ്ഥലംമാറ്റാൻ കഴിയുന്ന ‘ഷൂട്ട് ആൻഡ് സ്കൂട്ട്’ സാങ്കേതികവിദ്യയാണ് ഹൈമാർസിന്റെ പ്രധാന പ്രത്യേകത. ട്രക്കിൽ ഘടിപ്പിച്ചിരിക്കുന്ന ഈ സംവിധാനം ഒളിത്താവളങ്ങളിൽ നിന്ന് വേഗത്തിൽ പുറത്തെടുത്ത് മിസൈലുകൾ വിക്ഷേപിക്കാനും ഉടൻ തന്നെ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും സഹായിക്കുന്നു.
ഹൈമാർസ് സംവിധാനം തായ്‌വാൻ മുമ്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ചൈനയുടെ ദിശയിലേക്ക് റോക്കറ്റുകൾ വിക്ഷേപിക്കുന്ന അഭ്യാസം ഇതാദ്യമായാണെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇത്തരം പരിശീലനങ്ങൾ തുടരുമെന്ന് തായ്‌വാൻ സൈനിക അധികൃതർ അറിയിച്ചു.
തായ്‌വാനെ സ്വന്തം ഭൂപ്രദേശത്തിന്റെ ഭാഗമായാണ് ചൈന അവകാശപ്പെടുന്നത്. മറുവശത്ത്, തായ്‌വാൻ സ്വതന്ത്ര ഭരണസംവിധാനത്തോടെയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലായി തായ്‌വാന്റെ സമീപപ്രദേശങ്ങളിൽ ചൈന യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുകയും വിപുലമായ സൈനികാഭ്യാസങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
തായ്‌വാനെ ഔദ്യോഗികമായി സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാത്ത അമേരിക്ക, ദ്വീപിനെ ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്താനുള്ള നീക്കങ്ങളെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തായ്‌വാന്റെ പ്രധാന ആയുധ വിതരണക്കാരനായ അമേരിക്ക, കൂടുതൽ ഹൈമാർസ് സംവിധാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൈന-അമേരിക്ക നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ ആ തീരുമാനത്തിൽ താൽക്കാലിക ഇടവേള വന്നതായാണ് റിപ്പോർട്ടുകൾ.

