തമിഴ്നാട്: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങളെ വിമർശിച്ച് ടിവികെ സർക്കാർ. പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുമതി നൽകില്ലെന്ന് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
പുതിയ നിയമസഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണ് ടിവികെയെന്ന് പ്രസംഗത്തിൽ വ്യക്തമാക്കി. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ ആശയങ്ങളും സംഭാവനകളും പ്രസംഗത്തിൽ പരാമർശിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി. മുൻ സർക്കാർ ലഹരിവ്യാപനം തടയുന്നതിൽ പരാജയപ്പെട്ടുവെന്നും അതിന്റെ ഫലമായാണ് കുറ്റകൃത്യങ്ങൾ വർധിച്ചതെന്നും ഗവർണർ പ്രസംഗത്തിൽ വിമർശിച്ചു.
ദ്വിഭാഷാ നയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും സർക്കാർ വ്യക്തമാക്കി. ത്രിഭാഷാ നയവുമായി കേന്ദ്ര സർക്കാർ ധനസഹായത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അവകാശങ്ങളെയും താൽപര്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ നിലപാട് തുടരുമെന്നും ടിവികെ സർക്കാർ നയപ്രഖ്യാപനത്തിൽ അറിയിച്ചു.

