Home Internationalറഷ്യയെ നടുക്കി യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 500-ലേറെ ഡ്രോണുകള്‍, എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു

റഷ്യയെ നടുക്കി യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 500-ലേറെ ഡ്രോണുകള്‍, എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു

by news_desk1
0 comments

മോസ്‌കോ: റഷ്യയ്‌ക്കെതിരെ യുക്രൈന്‍ നടത്തിയ വന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. മോസ്‌കോയിലെ വിവിധ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മോസ്‌കോയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയെ ലക്ഷ്യമാക്കി യുക്രൈന്‍ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ 194 ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി മോസ്‌കോ മേയര്‍ അറിയിച്ചു. മോസ്‌കോയ്ക്ക് പുറമേ റഷ്യയുടെ മറ്റ് മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ചു. റഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയ 555 ഡ്രോണുകള്‍ തടഞ്ഞുനശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തെക്കുകിഴക്കന്‍ മേഖലയായ കപോത്‌ന്യയിലെ മോസ്‌കോ ഓയില്‍ റിഫൈനറിയെയാണ് യുക്രൈന്‍ പ്രധാനമായും ലക്ഷ്യമിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയും ഇവിടെ ആക്രമണം നടന്നിരുന്നു. റിഫൈനറിയില്‍ നിന്ന് കറുത്ത പുക ഉയരുന്നതിന്റെയും സ്‌ഫോടനത്തില്‍ ഇന്ധന ടാങ്കിന്റെ മുകള്‍ഭാഗം തകരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. റഷ്യയിലെ ഏറ്റവും വലിയ മാളായ സാധോവോഡ് ട്രേഡ് സെന്ററിന് സമീപവും വലിയ തോതില്‍ പുക ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. തകര്‍ന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് ജനവാസ മേഖലകളിലെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

യുദ്ധം അവസാനിപ്പിക്കാനായി റഷ്യയെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് യുക്രൈന്റെ പുതിയ ആക്രമണം. സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിനായി റഷ്യയുടെ ഊര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന തന്ത്രമാണ് യുക്രൈന്‍ പിന്തുടരുന്നത്. നാറ്റോ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബ്രസ്സല്‍സിലെത്തിയ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആക്രമണത്തെ ന്യായീകരിച്ചു. റഷ്യ തങ്ങളുടെ നഗരങ്ങള്‍ക്കും ജനങ്ങള്‍ക്കും നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

റഷ്യയുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് എണ്ണവില്‍പനയില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാല്‍ എണ്ണശുദ്ധീകരണശാലകളെ ലക്ഷ്യമാക്കി റഷ്യയുടെ സാമ്പത്തിക സ്രോതസിനെ ബാധിക്കാനാണ് യുക്രൈന്‍ ശ്രമിക്കുന്നത്. യുക്രൈന്‍റെ ആക്രമണത്തിന് പിന്നാലെ റഷ്യ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യ യുക്രൈനെതിരെ ഏഴ് മിസൈലുകളും 239 ഡ്രോണുകളും പ്രയോഗിച്ചു. കൈവ്, പൊള്‍ട്ടാവ മേഖലകളിലെ വീടുകള്‍ക്കും എണ്ണനിലയങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി യുക്രൈന്‍ വ്യോമസേന സ്ഥിരീകരിച്ചു.

അതേസമയം, യുക്രൈന്‍ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബ്രസ്സല്‍സില്‍ നാറ്റോ പ്രതിരോധ മന്ത്രിമാരുടെ നിര്‍ണായക യോഗം തുടരുകയാണ്. യുക്രൈനിന് കൂടുതല്‍ ആയുധങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു. നിലവില്‍ റഷ്യയ്ക്ക് പ്രതിമാസം 30,000 മുതല്‍ 35,000 വരെ സൈനികരെ നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യൂറോപ്പില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം കുറയ്ക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. യൂറോപ്യന്‍ സുരക്ഷയില്‍ അമേരിക്കയുടെ പങ്ക് നിര്‍ണായകമായതിനാല്‍ പിന്‍വാങ്ങല്‍ വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഈ കുറവ് നികത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സജ്ജമാണെന്ന് മാര്‍ക്ക് റുട്ടെ പറഞ്ഞു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും നാറ്റോ അംഗരാജ്യങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത സെലന്‍സ്‌കി, സമാധാന കരാറിലേക്ക് എത്തുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടതായി സൂചിപ്പിച്ചിരുന്നു.

You may also like