തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം അത് നടപ്പിലാകില്ലെന്നും സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി മുന്നോട്ടുപോകാനാകൂ എന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നയമാറ്റത്തിന് കാരണമായ ഘടകം എന്താണെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീ പദ്ധതിയെ അംഗീകരിക്കുന്നതാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ പദ്ധതിയുടെ ഭാഗമാണെന്നും ഒരു കോൺഗ്രസ് സർക്കാരും ഇതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസക്തമായ ചോദ്യം കോൺഗ്രസിന്റെ യഥാർത്ഥ നിലപാട് എന്താണെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ നടപ്പിലാക്കാനുള്ള ഉദ്ദേശശുദ്ധി യുഡിഎഫ് സർക്കാർ വ്യക്തമാക്കണമെന്നും കേന്ദ്രം സംസ്ഥാനത്തിന് എന്തെങ്കിലും പ്രത്യേക ഉറപ്പ് നൽകിയിട്ടുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു. നിലവിലെ സർക്കാർ ഉയർത്തുന്ന വാദം തെറ്റാണെന്നും എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതിയുമായി മുന്നോട്ടുപോകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എസ്കെ ഫണ്ട് തടഞ്ഞുവെച്ചത് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയതോടെയാണ് പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന് പിണറായി വിജയൻ പറഞ്ഞു. എന്നാൽ ഒരു മാസത്തിനകം തന്നെ എൽഡിഎഫ് സർക്കാർ ധാരണാപത്രം മരവിപ്പിക്കുകയും നവംബർ 12-ന് കേന്ദ്രത്തിന് ഇതുസംബന്ധിച്ച് കത്ത് നൽകുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
ധാരണാപത്രത്തിൽ ഒപ്പിട്ട ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു തുടർനടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം നടപടി സ്വീകരിച്ചില്ലെങ്കിൽ പദ്ധതി നടപ്പാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീയിൽ നിന്ന് പണം ലഭിച്ചെന്ന മുഖ്യമന്ത്രിയുടെ പരാമർശം വസ്തുതാവിരുദ്ധമാണെന്നും കേരളത്തിന് ലഭിച്ചത് എസ്എസ്കെ ഫണ്ടാണെന്നും അതിന് പിഎം ശ്രീ പദ്ധതിയുമായി ബന്ധമില്ലെന്നും പിണറായി വിജയൻ ആരോപിച്ചു. പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിലാണ് കേന്ദ്രം എസ്എസ്കെ ഫണ്ട് തടഞ്ഞുവെച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചാബ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയതിലൂടെ പിഎം ശ്രീയിൽ നിന്ന് പുറത്തുവരാൻ കഴിയുമെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ട് ഗവർണർ സർക്കാർ വകുപ്പുകളുടെ യോഗം വിളിച്ചതിനെയും പിണറായി വിജയൻ വിമർശിച്ചു. ഇത് ഭരണഘടനാ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും ഗവർണർ സമാന്തര അധികാര കേന്ദ്രമായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് സർക്കാർ സംഘപരിവാർ വിധേയത്വം കാണിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ വിഷയത്തിൽ മുൻപ് കോൺഗ്രസും മുസ്ലിം ലീഗും വലിയ വിവാദം ഉയർത്തിയിരുന്നുവെന്നും അന്ന് എൽഡിഎഫ് സർക്കാർ ബിജെപിയുമായി ധാരണയിലാണെന്ന് ആരോപിച്ചിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. അധികാരത്തിലെത്തിയാൽ പദ്ധതി നടപ്പിലാക്കില്ലെന്ന് പറഞ്ഞ യുഡിഎഫ് ഇപ്പോൾ അതേ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതിന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

