ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ അതിശക്തമായ കാറ്റ് വീശി വ്യാപക നാശനഷ്ടം. പൊടിപടലങ്ങളും അവശിഷ്ടങ്ങളും ചുഴലിക്കാറ്റിന് സമാനമായ രൂപത്തിൽ ഉയർന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഇത് തമിഴ്നാട്ടിലെ ആദ്യ ടോർനാഡോയാണെന്ന പ്രചാരണം ശക്തമായി.
ഇന്നലെ (21.06.2026) വൈകുന്നേരമാണ് തൂത്തുക്കുടിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. ഇതോടെ നിരവധി വീടുകൾ, തട്ടുകടകൾ, ചെറിയ വ്യാപാര സ്ഥാപനങ്ങൾ, ടോൾ പ്ലാസ, സ്വകാര്യ തീം പാർക്ക് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
തൂത്തുക്കുടി വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് പ്രദേശവാസികൾ അപൂർവമായ ഈ പ്രതിഭാസത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോകളിൽ പൊടിയും മറ്റ് അവശിഷ്ടങ്ങളും അതിവേഗത്തിൽ മുകളിലേക്ക് ഉയരുന്നതും ഫണൽ രൂപത്തിൽ ഭ്രമണം ചെയ്യുന്നതും കാണാം. ശക്തമായ കാറ്റിൽ നിരവധി വസ്തുക്കൾ വായുവിലേക്ക് ഉയർന്നു.
എന്നാൽ തൂത്തുക്കുടിയിൽ ഉണ്ടായത് യഥാർത്ഥ ടോർനാഡോ അല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിശദീകരണം. ക്യുമുലോനിംബസ് മേഘവ്യവസ്ഥയുമായി ബന്ധപ്പെട്ട ശക്തമായ ഇടിമിന്നൽ മേഘങ്ങളിൽ നിന്നുണ്ടായ ശക്തമായ വായുപ്രവാഹമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് അവർ വ്യക്തമാക്കി.
സാമൂഹ്യമാധ്യമങ്ങളിൽ തമിഴ്നാട്ടിന്റെ ചരിത്രത്തിലെ ആദ്യ ടോർനാഡോയെന്ന രീതിയിലുള്ള പ്രചാരണം നടന്നെങ്കിലും കാലാവസ്ഥാ വിദഗ്ധർ അത് സ്ഥിരീകരിച്ചിട്ടില്ല.

