തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ നിർത്തിവച്ച് ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുഹമ്മദ് റിയാസാണ് നോട്ടീസ് അവതരിപ്പിച്ചത്. എന്നാൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി കെ മുരളീധരൻ അനുമതി നിഷേധിച്ചു.
ആരോഗ്യ മേഖലയിലെ കേരള മോഡലിന് തിരിച്ചടിയുണ്ടായെന്ന് ആരോപിച്ച മുഹമ്മദ് റിയാസ്, കെ മുരളീധരന്റെ പഴയ പരാമർശം ഉന്നയിച്ചുകൊണ്ടാണ് സഭയിൽ സംസാരിച്ചത്. ‘എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും’ എന്ന് പറഞ്ഞ വ്യക്തിയാണ് ഇന്ന് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പകർച്ചവ്യാധികൾ വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ലെന്നും വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കാനല്ല തന്റെ ശ്രമമെന്നും റിയാസ് വ്യക്തമാക്കി.
ആരോഗ്യ വകുപ്പിൽ ഏകോപനമില്ലെന്നും ട്രാൻസ്ഫർ, പോസ്റ്റിംഗ് നടപടികളിൽ പത്ത് വർഷം മുമ്പുള്ള ഉദ്യോഗസ്ഥർ തിരിച്ചുവരുന്നുവെന്നും എല്ലാവരെയും സ്ഥലംമാറ്റാനുള്ള തിരക്കിലാണ് മന്ത്രിയെന്നും റിയാസ് വിമർശിച്ചു. നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇല്ലെന്നും കോഴിക്കോട് ജില്ലയ്ക്ക് ഒരു മെഡിക്കൽ ഓഫീസറെ പോലും നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് മരുന്ന് എത്തിയതെന്നും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് നടപടി വേഗത്തിലായതെന്നും റിയാസ് പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയെക്കാൾ ഭയക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം വിമർശിച്ചു.
ആരോപണങ്ങൾക്ക് മറുപടിയായി ആരോഗ്യ മന്ത്രി കെ മുരളീധരൻ രംഗത്തെത്തി. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന്റെ പ്രശ്നങ്ങളാണ് ഇപ്പോൾ സർക്കാർ നേരിടുന്നതെന്നും സംസ്ഥാനത്ത് ഒരു നിപ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും ഇന്ത്യയിൽ എവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
നിപയ്ക്കുള്ള മരുന്ന് 24 മണിക്കൂറിനുള്ളിൽ വിദേശത്ത് നിന്ന് എത്തിച്ചുവെന്നും പകർച്ചവ്യാധി പ്രതിരോധത്തിനായി വകുപ്പുതല ഏകോപനവും ശക്തമായ നടപടികളും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്ത പരിശോധനകൾ നടത്തുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
പൊതുജന പങ്കാളിത്തത്തോടെ ആരോഗ്യ ജാഗ്രത ഉറപ്പാക്കുമെന്നും ആരോഗ്യ മേഖലയിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും കെ മുരളീധരൻ അറിയിച്ചു. പകർച്ചവ്യാധി വ്യാപനത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനുവരി മുതൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നില്ലെന്നും സർക്കാരിനോട് സഹകരിക്കാത്ത ചില ഉദ്യോഗസ്ഥരെ മാറ്റിയതാണെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

