കോട്ടയം: കോട്ടയത്ത് ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയം ശക്തമാകുന്നു. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയിൽ തുടരുകയാണ്.
ശനിയാഴ്ച പരിപ്പ് പ്രദേശത്തെ ഷാപ്പിൽ നിന്ന് ഏഴ് പേരടങ്ങുന്ന സംഘം മീൻതലക്കറിയും കള്ളും കഴിച്ചിരുന്നു. തുടർന്ന് ഇവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം സംഘം ശിക്കാര വള്ളത്തിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചതെന്നാണ് വിവരം.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന ആരംഭിച്ചിട്ടുണ്ട്. ജ്യോതിഷിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമായി പറയാനാകൂ.
കുമരകം സ്വദേശികളും കുമളി സ്വദേശികളും ഉൾപ്പെട്ട സുഹൃത്ത് സംഘമാണ് സംഭവത്തിൽപ്പെട്ടത്. പരാതിയെ തുടർന്ന് പരിപ്പിലെ ഷാപ്പിൽ പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തുകയാണ്.

