Home Keralaസെക്രട്ടറി കാർ അനുവദിച്ചില്ല; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി മന്ത്രിയുടെ യോഗത്തിനെത്തി പഞ്ചായത്ത് പ്രസിഡന്റ്

സെക്രട്ടറി കാർ അനുവദിച്ചില്ല; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി മന്ത്രിയുടെ യോഗത്തിനെത്തി പഞ്ചായത്ത് പ്രസിഡന്റ്

by news_desk1
0 comments

കൊല്ലം: ആദിച്ചനല്ലൂരിൽ വ്യത്യസ്ത പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ്. ഔദ്യോഗിക വാഹനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് 15 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം മന്ത്രിയുടെ പരിപാടിയിൽ എത്തിയത്.

മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത അന്താരാഷ്ട്ര ഗാർഹിക തൊഴിലാളികളുടെ വാർഷിക യോഗത്തിൽ പങ്കെടുക്കാനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ഔദ്യോഗിക വാഹനം ആവശ്യപ്പെട്ടത്. പരിപാടിയുടെ തലേദിവസം തന്നെ വാഹനം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിപാടി ദിവസം രാവിലെ പഞ്ചായത്ത് സെക്രട്ടറി വാഹനം വിട്ടുനൽകാൻ വിസമ്മതിച്ചതായാണ് ആരോപണം.

തുടർന്നാണ് പ്രതിഷേധ സൂചകമായി ആദിച്ചനല്ലൂരിൽ നിന്ന് പരിപാടി നടന്ന പോർട്ട് കൊല്ലം വരെയുള്ള 15 കിലോമീറ്റർ ദൂരം ജിനോക്കി എഡ്വേർഡ് സൈക്കിളിൽ യാത്ര ചെയ്തത്.

വാഹനം അനുവദിക്കാത്തതിന് പിന്നിൽ മുൻ വൈരാഗ്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. തന്റെ വാർഡിലുള്ള ടാർ മിക്സിങ് യൂണിറ്റിനെതിരെ പഞ്ചായത്തിന് മുന്നിൽ മുമ്പ് നടത്തിയ സമരത്തിന്റെ വിരോധമാണ് സെക്രട്ടറി കാണിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ജിനോക്കിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുമായി സെക്രട്ടറി സഹകരിക്കുന്നില്ലെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുമായുള്ള തർക്കം മന്ത്രി ബിന്ദു കൃഷ്ണയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

You may also like