Home Top Storiesകൊട്ടാരക്കരയിൽ ടിപ്പർ ദുരന്തം; ബസ് സ്റ്റോപ്പിലേക്ക് ലോറി മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

കൊട്ടാരക്കരയിൽ ടിപ്പർ ദുരന്തം; ബസ് സ്റ്റോപ്പിലേക്ക് ലോറി മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

by news_desk1
0 comments

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകാനായി ബസ് കാത്തുനിന്ന കുട്ടികളടക്കമുള്ളവർക്കിടയിലേക്കാണ് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി മറിഞ്ഞത്.

അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ലോറി മറിഞ്ഞതോടെ കുട്ടികൾ ടിപ്പറിനടിയിലും മണ്ണിനടിയിലും അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അപകടത്തിന്റെ വ്യാപ്തി വ്യക്തമായത്.

മരിച്ചവർ

  • ലക്ഷ്മി കോട്ടേജ്, കുടവട്ടൂർ സ്വദേശിനിയായ വിദ്യാർത്ഥിനി
  • തിരിച്ചറിയാത്ത ഒരാൾ
  • കാർമൽ സ്കൂൾ ഐഡി കാർഡ് കൈവശം ഉണ്ടായിരുന്ന തിരിച്ചറിയാത്ത വിദ്യാർത്ഥി

പരിക്കേറ്റവർ

  • കുശാൽ (15)
  • ഋഷഭ് ബോബൻ (15)
  • നവനീത് (13)
  • ജിബി മോൾ (15)
  • ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം

ഫയർഫോഴ്‌സ് എത്തി ടിപ്പർ ഉയർത്തിയാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്.

അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ ജനക്കൂട്ടമാണ് ഒത്തുകൂടിയത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകളും രക്ഷാസംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ തിരിച്ചറിയൽ നടപടികളും അപകടത്തിന്റെ കൃത്യമായ കാരണവും സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പർ ലോറിയുടെ സാങ്കേതിക പരിശോധനയും ഡ്രൈവറുടെ മൊഴിയും ഉൾപ്പെടെ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ഇപ്പോഴും തുടരുകയാണ്.

You may also like