ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാംഗത്വ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. രാജ്യസഭയിലേക്ക് അദ്ദേഹത്തെ വീണ്ടും പരിഗണിച്ചിരുന്നില്ല. ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.
രാജിക്ക് പിന്നാലെ ജോർജ് കുര്യൻ സംഘടനാ ചുമതലയിലേക്ക് മടങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാൽ ദേശീയ തലത്തിലോ കേരളത്തിലോ ആയിരിക്കുമോ പുതിയ ചുമതലയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ 9-നാണ് ജോർജ് കുര്യൻ ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതി അംഗം, കോർ കമ്മിറ്റി അംഗം, പാർട്ടി വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

