Home National‘വിജയ്ക്ക് അറിയാത്ത പലതുമുണ്ട്; ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല’; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വിജയ്

‘വിജയ്ക്ക് അറിയാത്ത പലതുമുണ്ട്; ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല’; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വിജയ്

by news_desk1
0 comments

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ സർക്കാരിന്റെ നയങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തിന്റെ വികസനവും വളർച്ചയും മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും തമിഴ്‌നാടിന്റെ അവകാശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര നിലപാടിൽ ഉറച്ചുനിൽക്കുന്ന സർക്കാർ എന്ന നിലയിൽ തുടർന്നും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഞങ്ങൾ ആരുടെയും ടീം അല്ല, ജനങ്ങളുടെ ടീം മാത്രമാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായി ആശയപരമായ ഭിന്നതകളുണ്ട്. എന്നാൽ എല്ലാ വിഷയങ്ങളിലും കണ്ണടച്ച് എതിർക്കില്ല. തമിഴ്‌നാടിന്റെ വികസനവും വളർച്ചയും മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ദ്വിഭാഷാ നയത്തിൽ നിലപാട് മാറ്റമുണ്ടാകില്ല,” വിജയ് പറഞ്ഞു.

ടാസ്മാക്കുമായി ബന്ധപ്പെട്ട അഴിമതിയെയും അദ്ദേഹം പരാമർശിച്ചു. “പാർട്ടി ഫണ്ട് എന്ന പേരിൽ പണം പിരിച്ച സംഭവങ്ങൾ ഉണ്ടായി. ജനങ്ങളുടെ പണം തൊടാൻ അനുവദിക്കില്ല. മുൻപ് അതിന് ശ്രമിച്ചവരെയും വെറുതെ വിടില്ല,” അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സർക്കാർ മറ്റാരുടെയോ ഔദാര്യത്തിൽ രൂപീകരിച്ചതാണെന്ന വിമർശനങ്ങൾ തള്ളി വിജയ് പ്രതികരിച്ചു. “ജനങ്ങളുടെ അംഗീകാരത്തോടെയാണ് സർക്കാർ രൂപീകരിച്ചത്. ചില രാഷ്ട്രീയ കക്ഷികൾ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടും ചിലർ ഇപ്പോഴും അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

സിനിമയിൽ നിന്ന് നേരിട്ട് മുഖ്യമന്ത്രിയായതുപോലെയാണ് ചിലർ ചിത്രീകരിക്കുന്നതെന്നും വിജയ് വിമർശിച്ചു. “സാധാരണ നടനിൽ നിന്ന് ഈ സ്ഥാനത്തേക്ക് എത്തിയത് തമിഴ് ജനതയുടെ പിന്തുണ കൊണ്ടാണ്. സാമൂഹിക വിഷയങ്ങളിൽ സ്ഥിരമായി ഇടപെട്ടിട്ടുണ്ട്. എന്റെ രാഷ്ട്രീയം സുതാര്യതയുടെ രാഷ്ട്രീയമാണ്,” അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച വിജയ്, “വിജയ്ക്കും മന്ത്രിമാർക്കും ഒന്നും അറിയില്ലെന്നാണ് ചിലരുടെ ആരോപണം. ശരിയാണ്, എനിക്ക് അറിയാത്ത പല കാര്യങ്ങളുമുണ്ട്. ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല. ടെൻഡർ തുക കൃത്രിമമായി ഉയർത്തി അഴിമതി നടത്താൻ അറിയില്ല. ക്ഷേത്രങ്ങളുടെ പണം വകമാറ്റാൻ അറിയില്ല. പൊതുപദ്ധതികളെ പരിഹസിക്കാൻ അറിയില്ല,” എന്നും പറഞ്ഞു.

കരൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങൾ മറക്കില്ലെന്നും, തന്നെ രാഷ്ട്രീയമായി തടയാൻ ഒരുമിക്കുന്നവരുടെ കാര്യത്തിൽ ജനങ്ങൾ തന്നെ വിധി പറയുമെന്നും വിജയ് കൂട്ടിച്ചേർത്തു.

You may also like