ബെംഗളൂരു: നഗരത്തിലെ ഒരു ഫ്ലാറ്റിൽ ദമ്പതികളെയും അവരുടെ ഇളയ മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം നടുക്കമുണർത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് മരിച്ചത്. മൂവരെയും കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളുടെ മൂത്ത മകൾ ശ്വേതയെയും അവരുടെ ലിവ്-ഇൻ പങ്കാളിയായ കെന്നത്തിനെയും പൊലീസ് സംശയിക്കുന്നതായി വിവരം. ഇരുവരും നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ശ്വേതയും കെന്നത്തും തമ്മിലുള്ള ബന്ധത്തെ കുടുംബം എതിർത്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുത്തുലക്ഷ്മിയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ ബാത്റൂമിൽ കയറി രക്തക്കറകൾ കഴുകിക്കളഞ്ഞതായും അന്വേഷണ സംഘം കണ്ടെത്തി.
തുടർന്ന് വീട്ടിലെത്തിയ സുപ്രിയയെ ശ്വേത പിടിച്ചുനിർത്തുകയും കെന്നത്ത് ആക്രമിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സോമസുന്ദറിനും ആക്രമണം നേരിട്ടു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വീടിന് പുറത്തേക്ക് ഓടി സഹായത്തിനായി നിലവിളിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴേക്കും മൂവരുടെയും മരണം സംഭവിച്ചിരുന്നു.
ഒളിവിലുള്ള ശ്വേതയ്ക്കും കെന്നത്തിനുമായി വ്യാപക തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന്റെ കൃത്യമായ കാരണങ്ങളും സംഭവത്തിന്റെ പശ്ചാത്തലവും പൊലീസ് വിശദമായി അന്വേഷിച്ചുവരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

