Home Keralaലഹരി മൂത്ത് പിഞ്ചുകുഞ്ഞിനെ വായുവിലേയ്ക്ക് എറിഞ്ഞ് അഭ്യാസം; നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ

ലഹരി മൂത്ത് പിഞ്ചുകുഞ്ഞിനെ വായുവിലേയ്ക്ക് എറിഞ്ഞ് അഭ്യാസം; നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ

by news_desk1
0 comments

മലപ്പുറം: ലഹരിക്കടിപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരൂർ തൃപ്രങ്ങോട് കൈനിക്കരയിൽ നടന്ന സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കി.

ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് കുഞ്ഞിനോട് അപകടകരമായ രീതിയിൽ പെരുമാറിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

പ്രതിയുടെ ഭാര്യ മൂത്ത കുട്ടികളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയ സമയത്താണ് യുവാവ് കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങിയത്. കടുത്ത ലഹരിയിലായിരുന്ന ഇയാൾ ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വായുവിലേക്ക് ഉയരത്തിൽ എറിഞ്ഞും തിരിച്ചുപിടിച്ചും അപകടകരമായ അഭ്യാസ പ്രകടനം നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കുഞ്ഞിന്റെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ഈ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ ഉടൻ ഇടപെട്ടു. യുവാവിനെ തടഞ്ഞുനിർത്തി കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

സംഭവമറിഞ്ഞ് സ്ഥലത്ത് നിരവധി പേർ തടിച്ചുകൂടി. വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

പ്രതി കഞ്ചാവ്, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ വിൽപ്പനക്കാരനും ഉപയോക്താവുമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നേരത്തെ കുട്ടിയെ പൊള്ളലേൽപ്പിച്ച കേസിലും ഇയാൾ പ്രതിയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആ കുട്ടി നിലവിൽ വലിയമ്മയുടെ സംരക്ഷണത്തിലാണ് താമസിക്കുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിനും കുടുംബത്തിനും ആവശ്യമായ കൗൺസിലിംഗും നിയമപരമായ സഹായങ്ങളും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

You may also like