Home Editorialമുഖ്യമന്ത്രി സംശയമുനയിൽ

മുഖ്യമന്ത്രി സംശയമുനയിൽ

by news_desk1
0 comments

യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ തന്നെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഗുരുതരമായ വിവാദമാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത്. അധികാരത്തിലേറി ഒരു മാസം പോലും തികയാത്ത സർക്കാരിനെതിരെ അഴിമതിയുടെയും നയവൈകല്യത്തിന്റെയും ആരോപണങ്ങൾ ഉയരുന്നത് രാഷ്ട്രീയപരമായും ഭരണപരമായും ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ബജറ്റിന് പിന്നാലെ പ്രതിപക്ഷം ഉയർത്തിയ സംശയങ്ങൾ ആദ്യം രാഷ്ട്രീയ ആരോപണങ്ങളായി തള്ളിക്കളയാൻ ശ്രമിച്ചെങ്കിലും, പിന്നീട് പുറത്തുവന്ന രേഖകളും വിവരങ്ങളും സർക്കാരിന് മുന്നിൽ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്. പ്രത്യേകിച്ച് ഒരു സ്വകാര്യ കമ്പനിയുടെ അപേക്ഷ അതിവേഗത്തിൽ പരിഗണിക്കപ്പെട്ടുവെന്ന രേഖകൾ പുറത്തുവന്നതോടെ വിഷയത്തിന് മറ്റൊരു മാനം കൂടി കൈവന്നിരിക്കുകയാണ്.

സാധാരണ സർക്കാർ നടപടിക്രമങ്ങൾ മാസങ്ങളോളം നീളുന്ന സാഹചര്യത്തിൽ, ഏതാനും മിനിറ്റുകൾക്കുള്ളിൽ ഫയൽ നീങ്ങുകയും തീരുമാനം കൈക്കൊള്ളപ്പെടുകയും ചെയ്തതിന്റെ കാരണം സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം, സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിമർശനം ഉയർത്തുന്നത് പ്രതിപക്ഷം മാത്രമല്ല എന്നതാണ്. കോൺഗ്രസിന്റെ സഖ്യകക്ഷികളും മത-സാമുദായിക സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ഒരുപോലെ ആശങ്ക രേഖപ്പെടുത്തുകയാണ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ പൊതുവേദിയിൽ ആശങ്ക പ്രകടിപ്പിച്ചത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ‘പിറക്കട്ടെ ലഹരിമുക്ത ഗ്രാമങ്ങൾ’ എന്ന ലേഖനത്തിലൂടെ അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾ രാഷ്ട്രീയ വിമർശനമല്ല, സാമൂഹിക ഉത്തരവാദിത്വത്തിൽ നിന്നുള്ള മുന്നറിയിപ്പായാണ് കാണേണ്ടത്. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളികളിലൊന്നാണ് ലഹരിയുടെ വ്യാപനം. വിദ്യാർഥികളിലും യുവജനങ്ങളിലും കുടുംബങ്ങളിലുമെല്ലാം ലഹരി സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ വാർത്തകൾ ദിനംപ്രതി പുറത്തുവരുന്ന സാഹചര്യത്തിലാണ് സർക്കാർ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന നയം സ്വീകരിക്കുന്നത്.

നികുതി കുറയുമ്പോൾ വില കുറയും, വില കുറയുമ്പോൾ ലഭ്യത വർധിക്കും, ലഭ്യത വർധിക്കുമ്പോൾ ഉപയോഗവും വർധിക്കുമെന്ന സാധാരണ സാമ്പത്തിക യാഥാർത്ഥ്യത്തെ നിഷേധിക്കാൻ കഴിയില്ല. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്: ലഹരിക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച സർക്കാർ തന്നെയാണോ ഇപ്പോൾ ലഹരിയുടെ മറ്റൊരു കവാടം കൂടുതൽ വിശാലമാക്കുന്നത്? ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശന്റെ വിശദീകരണം അനിവാര്യമാണ്. മുൻ സർക്കാർ നൽകിയ അനുമതിയുടെ തുടർനടപടിയെന്ന വാദം ഉയർത്തി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ജനങ്ങൾ പുതിയ ഭരണത്തിന് ഭൂരിപക്ഷം നൽകിയിരിക്കുന്നത് മുൻ സർക്കാരിന്റെ തീരുമാനങ്ങൾ അതേപടി തുടരാനല്ല, തെറ്റുകൾ തിരുത്താനാണ്. അതിനാൽ ‘മുൻ സർക്കാർ തീരുമാനിച്ചു’ എന്ന ന്യായീകരണം രാഷ്ട്രീയമായും നൈതികമായും ദുർബലമാണ്. കൂടാതെ, ഈ വിഷയത്തിൽ എക്സൈസ് വകുപ്പിനോ മുന്നണിയിലേയും പാർട്ടിയിലേയും നേതാക്കൾക്കോ വ്യക്തമായ ധാരണയില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങൾ പുറത്തുവരുന്നത് സർക്കാരിന്റെ കൂട്ടുത്തരവാദിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നു.

മന്ത്രിസഭാ ഭരണക്രമത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് കൂട്ടായ ഉത്തരവാദിത്തം. അങ്ങനെയിരിക്കെ, നിർണായകമായ ധന-നികുതി തീരുമാനത്തെക്കുറിച്ച് സർക്കാർ സംവിധാനത്തിനുള്ളിൽ പോലും വ്യക്തതയില്ലെങ്കിൽ അത് ഭരണത്തിലെ ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടും. ഇത് വെറും നികുതി വിവാദമല്ല. സർക്കാരിന്റെ ഭരണശൈലിയെയും തീരുമാനമെടുക്കൽ രീതിയെയും കുറിച്ചുള്ള ആശങ്കയാണ്. ഫയൽ അതിവേഗത്തിൽ നീങ്ങിയതെന്തുകൊണ്ട്? ആരുടെ ആവശ്യപ്രകാരമാണ് ഈ തിടുക്കം? സാമൂഹിക പ്രത്യാഘാതങ്ങൾ വിലയിരുത്തിയിരുന്നോ? പൊതുജനാഭിപ്രായം തേടിയിരുന്നോ? ഈ ചോദ്യങ്ങൾക്കൊന്നും ഇതുവരെ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഈ വിവാദം എത്രയും വേഗം അവസാനിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്.

സുതാര്യതയാണ് ഏറ്റവും നല്ല പ്രതിരോധം. ഫയൽ നീക്കത്തിന്റെ എല്ലാ വിവരങ്ങളും പൊതുസമൂഹത്തിന് മുന്നിൽ വെക്കണം. സംശയങ്ങൾ നിലനിൽക്കുന്നിടത്ത് സ്വതന്ത്ര അന്വേഷണം നടത്താൻ പോലും സർക്കാർ തയ്യാറാകണം. അധികാരത്തിലെത്തി ഒരു മാസം മാത്രം പിന്നിടുമ്പോൾ തന്നെ ‘ലഹരിക്ക് അനുകൂല സർക്കാർ’ എന്ന മുദ്ര പതിയുന്നത് യു.ഡി.എഫിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ സർക്കാർ, അറിയാതെയെങ്കിലും ലഹരി വിപണിയുടെ താൽപര്യങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന തോന്നൽ പോലും ജനങ്ങളിൽ ഉണ്ടാകരുത്. അതിനാൽ ഈ വിഷയത്തിൽ മൗനം മതിയാകില്ല. വ്യക്തത വേണം. വിശദീകരണം വേണം. ആവശ്യമെങ്കിൽ തിരുത്തലും വേണം. ഒരു മാസത്തെ സർക്കാരിന് മേൽ വീണിരിക്കുന്ന ഈ കളങ്കം മായ്ക്കാൻ മുൻകൈ എടുക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. ഇല്ലെങ്കിൽ, ഇത് ഒരു നികുതി വിവാദമായി മാത്രം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടില്ല; പുതിയ സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ആദ്യ വലിയ പ്രതിസന്ധിയായിട്ടായിരിക്കും ഓർമ്മിക്കപ്പെടുക.

You may also like