തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു.
ഡോ. റീനയുടെ സ്ഥലംമാറ്റം റദ്ദാക്കി നൽകിയിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
ഇതോടെ സർക്കാർ നൽകിയ താൽക്കാലിക ചുമതലയിൽ ഡോ. വി. മീനാക്ഷിക്ക് ഡിഎച്ച്എസ് സ്ഥാനത്ത് തുടരാനുള്ള വഴി തെളിഞ്ഞു.
ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ സർക്കാർ നടപടിക്കെതിരെ അവർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. തുടർന്ന് ട്രൈബ്യൂണൽ ഡോ. റീനയ്ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി സർക്കാർ നടപടിക്ക് അംഗീകാരം നൽകുകയും ട്രൈബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
ആരോഗ്യവകുപ്പിലെ ഉന്നതതല നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായകമായ വിധിയായാണ് ഹൈക്കോടതിയുടെ തീരുമാനം വിലയിരുത്തപ്പെടുന്നത്.

