Home Nationalവിജയിയുടെ ‘കുട്ടിക്കഥ’ അനുചിതം; ഉദയനിധിയുടെ വ്യക്തിപരമായ പരാമർശവും തെറ്റ്, വിമർശനവുമായി സിപിഎം

വിജയിയുടെ ‘കുട്ടിക്കഥ’ അനുചിതം; ഉദയനിധിയുടെ വ്യക്തിപരമായ പരാമർശവും തെറ്റ്, വിമർശനവുമായി സിപിഎം

by news_desk1
0 comments

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിജയ് നടത്തിയ ‘കുട്ടിക്കഥ’ പരാമർശവും അതിന് മറുപടിയായി ഉദയനിധി സ്റ്റാലിൻ നടത്തിയ വ്യക്തിപരമായ പരാമർശവും അനുചിതമാണെന്ന് സിപിഎം. ഇരുവരുടെയും പ്രസ്താവനകൾ വിമർശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.

സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖമാണ് വിഷയത്തിൽ പ്രതികരിച്ചത്. മുൻ മുഖ്യമന്ത്രി സ്റ്റാലിനെ പരോക്ഷമായി ലക്ഷ്യമിട്ട് വിജയ് നടത്തിയ പരാമർശവും, വിജയിയുടെ ഭാര്യയെ പരാമർശിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രതികരണവും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ വിജയിയുടെ ‘കുട്ടിക്കഥ’ പരാമർശത്തിനെതിരെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ) നേതാവ് തോൽ തിരുമാവളവനും രംഗത്തെത്തിയിരുന്നു. നിയമസഭയുടെയും താൻ വഹിക്കുന്ന പദവിയുടെയും അന്തസ്സ് കാത്തുസൂക്ഷിക്കാൻ വിജയ് തയ്യാറാകണമെന്നും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമാണ് വിവാദത്തിന് വഴിവെച്ച ‘കുട്ടിക്കഥ’ വിജയ് സഭയിൽ അവതരിപ്പിച്ചത്. “പാടത്ത് ഒറ്റയ്ക്ക് നിൽക്കുന്ന ഒരാളോട് ഒരു കുട്ടി എന്താണ് തേടുന്നതെന്ന് ചോദിച്ചപ്പോൾ, ‘നിന്റെ പിതാവിനെയാണ്’ എന്നായിരുന്നു മറുപടി” എന്ന കഥയിലൂടെയാണ് വിജയ് പരോക്ഷ വിമർശനം ഉന്നയിച്ചത്. ഈ പരാമർശം സ്റ്റാലിനെയും ഉദയനിധിയെയും ലക്ഷ്യമിട്ടതാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

ഇതിന് മറുപടിയായി “ചെങ്കൽപ്പെട്ട് കോടതിയിൽ ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥയും ഉണ്ട്” എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന കേസ് ചെങ്കൽപ്പെട്ട് കോടതിയിൽ നടക്കുകയാണെന്ന തരത്തിലുള്ള പരോക്ഷ സൂചനയോടെയായിരുന്നു ഈ പരാമർശം.

ഇരുവിഭാഗത്തുനിന്നും ഉയർന്ന ഈ പരാമർശങ്ങൾ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സഭയിലെ ചർച്ചകൾ വ്യക്തിപരമായ ആരോപണങ്ങളിലേക്കും പരിഹാസങ്ങളിലേക്കും വഴിമാറരുതെന്ന നിലപാടാണ് സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്നത്.

You may also like